മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു

0

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും, ആത്മീയ നേതാവുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു. 74 വയസായിരുന്നു. അർബുദ ബാധിതനായി അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

ഒരു വർഷക്കാലമായി പാണക്കാട് തങ്ങൾ ചികിത്സയിലായിരുന്നുവെങ്കിലും കഴിഞ്ഞ ആറ് മാസക്കാലമായാണ് ആരോഗ്യനില മോശമായത്. ലീഗിന്റെ ഉന്നതാധികാര സമിതിയിൽ പോലും വന്നിരുന്നില്ല. ആരോഗ്യ നില ഇടക്കാലത്ത് മെച്ചപ്പെട്ടിരുന്നുവെങ്കിലും കഴിഞ്ഞ ഒരാഴ്ചയായി വീണ്ടും ആരോഗ്യനില വളരെ മോശമാവുകയായിരുന്നു. മലപ്പുറത്ത് ചികിത്സയിലായിരുന്ന തങ്ങളെ അങ്ങനെയാണ് എറണാകുളത്തേക്ക് ചികിത്സയ്ക്കായി കൊണ്ടുവരുന്നത്.

12 വർഷമായി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനാണ് ഹൈദരലി. മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ് തങ്ങൾ എന്നിവർ സഹോദരങ്ങളാണ്. സമസ്തയുടെ ഉപാധ്യക്ഷനാണ്.

18 വർഷത്തോളം മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്ന തങ്ങൾ, മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണശേഷമാണ് ലീഗ് സംസ്ഥാന അധ്യക്ഷനായത്. കേരളത്തിലെ ഒരുപാട് മുസ്ലിം മഹല്ലുകളുടെ ഖാസിയായ ഇദ്ദേഹം ദാറുൽ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി, കടമേരി റഹ്മാനിയ്യ അറബിക് കോളേജ്, നന്തി ദാറുസ്സലാം അറബിക് കോളേജ് അടങ്ങിയ ഉന്നത മതകലാലയങ്ങളുടെ അധ്യക്ഷ സ്ഥാനവും വഹിക്കുന്നുണ്ട്.

1977ൽ മലപ്പുറം ജില്ലയിലെ പുൽപ്പറ്റ പഞ്ചായത്തിലെ പൂക്കൊളത്തൂരിൽ മഹല്ല് പള്ളി മദ്‌റസ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തു. പിതാവ് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ മരണത്തോടെയാണ് രാഷ്ട്രീയ, മത രംഗത്തേക്ക് കൂടുതൽ സജീവമായി ഇടപെടുന്നത്. സഹോദരങ്ങളായ മുഹമ്മദലി ശിഹാബ് തങ്ങളും ഉമറലി ശിഹാബ് തങ്ങളും മരണപ്പെട്ടതോടെ അവരുടെ ഉത്തരവാദിത്വങ്ങൾ ഹൈദരലി തങ്ങൾ ഏറ്റെടുത്തു. 2008ൽ സമസ്ത മുശാവറ അംഗമായ തെരഞ്ഞെടുക്കപ്പെട്ട തങ്ങളെ 2010 ഒക്ടോബർ രണ്ടിന് വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു.

2009ലാണ് സുന്നി യുവജനസംഘം സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തത്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ 2009 ഓഗസ്റ്റ് ഒന്നിന് മരണപ്പെട്ടതോടെ മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റായും ഹൈദരലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു. ആയിരത്തിലധികം മഹല്ലുകളുടെ ഖാസി, പട്ടിക്കാട് ജാമിഅ നൂരിയ്യ അടക്കമുള്ള നൂറുകണക്കിന് മതഭൗതിക സ്ഥാപനങ്ങളുടെ പ്രസിഡന്റ്, അനാഥ അഗതി മന്ദിരങ്ങളുടെ അധ്യക്ഷൻ, സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റ് തുടങ്ങി ആത്മീയ, സാമൂഹ്യ, സാംസ്‌കാരിക, രംഗത്തെ നേതൃ ചുമതലകൾ വഹിച്ചു. ഒരു പതിറ്റാണ്ടിലേറെ മുസ്ലിം ലീഗിനെ നയിച്ച അനിഷേധ്യ നേതാവാണ് വിടവാങ്ങിയത്.