വിഖ്യാത നടന്‍ പോള്‍ ന്യൂമാന്റെ റോളക്സ് വാച്ചിന്‍റെ വില 115 കോടി രൂപ

0

ആരാണോ ഒരു വാച്ച് ധരിച്ചിരുന്നത് അയാളുടെ മൂല്യം പോലിരിക്കും ചിലപ്പോള്‍ ആ വാച്ചിന്റെ വില. ഇത് പറയാന്‍ കാരണം കഴിഞ്ഞദിവസം ഫിലിപ്‍സ് എന്ന ലേലസ്ഥാപനം വില്‍പ്പന നടത്തിയ റോളക്സ് വാച്ചിന്‍റെ വിലയാണ്. ഒന്നും രണ്ടുമല്ല 115 കോടി രൂപയാണ് ഈ വാച്ചിന്റെ വില.

ഈ വിന്‍റേജ് വാച്ചിന്‍റെ ഉടമ ആരാണെന്നോ ? വിഖ്യാത അമേരിക്കന്‍ നടന്‍ പോള്‍ ന്യൂമാന്‍ . 115,49,58340 ഇന്ത്യന്‍ രൂപയാണ് (17.8 ദശലക്ഷം അമേരിക്കന്‍ ഡോളര്‍) ഈ വാച്ചിനായി ലേലംകൊണ്ടയാള്‍ മുടക്കിയത്. പക്ഷെ ആരാണ് ഈ വാച്ച് സ്വന്തമാക്കിയതെന്ന് വ്യക്തമല്ല. ടെലിഫോണിലൂടെയാണ് ലേലംകൊണ്ടയാള്‍ കച്ചവടം ഉറപ്പിച്ചത്. അമേരിക്കന്‍ വാച്ച് ഡീലര്‍മാരായ ഹൊഡിങ്കീ എന്ന സ്ഥാപനം ലോകത്തിലെ ഏറ്റവും അമൂല്യമായ 12 വിന്‍റേജ് വാച്ചുകളില്‍ ഒന്നായി ന്യൂമാന്‍റെ വാച്ച് രേഖപ്പെടുത്തിയിരുന്നു. സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ബോഡിയുള്ള ഈ വാച്ച് അറിയപ്പെടുന്നത് പോള്‍ന്യൂമാന്‍സ് എന്ന പേരിലാണ്.

നടന്‍, സംവിധായകന്‍, സംരംഭകന്‍, റേസിങ് കാര്‍ ഡ്രൈവര്‍ എന്നിങ്ങനെ വിവിധ നിലകളില്‍ അറിയപ്പെടുന്നയാളാണ് പോള്‍ ന്യൂമാന്‍. പരസ്യങ്ങളിലും സിനിമകളിലും ന്യൂമാനൊപ്പം പ്രത്യക്ഷപ്പെട്ടിട്ടുള്ള റോളക്സ് ഡെയ്‍റ്റോണ എന്ന മോഡല്‍ വാച്ചാണ് ഇപ്പോള്‍ ലേലത്തില്‍ വിറ്റത്. 1986-ല്‍ പുറത്തിറങ്ങിയ ‘ദി കളര്‍ ഓഫ് മണി’ എന്ന ഹോളിവുഡ് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്കര്‍ പുരസ്കാരം ന്യൂമാന്‍ നേടിയിരുന്നു. പത്ത് തവണ ഓസ്കര്‍ നാമനിര്‍ദേശം ലഭിച്ച നടന്‍കൂടിയാണ് അദ്ദേഹം.