കോവിഡിനെതിരേ പ്ലാസ്മാ ചികിത്സ ശ്രീചിത്രയ്ക്ക് പരീക്ഷണാനുമതി

0

തിരുവനന്തപുരം: കൊവിഡ് 19 രോഗത്തെ ചെറുക്കാന്‍ പ്ലാസ്മ തെറാപ്പിക്ക് കേരളത്തിന് അനുമതി ലഭിച്ചു. ഇതുസംബന്ധിച്ച് ചികിത്സാ പരീക്ഷണം നടത്താനുള്ള ശ്രീചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ നിർദേശത്തിന് ഐ.സി.എം.ആര്‍ അനുമതിനൽകി. കൊവിഡ് ഭേദമായവരില്‍ നിന്നും ആന്റിബോഡി വേര്‍തിരിച്ച് ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് നല്‍കുന്നതാണ് ഈ ചികിത്സ.

രക്തത്തിലെ പ്ലാസ്മ വേർതിരിച്ചെടുത്ത് രോഗബാധിതനായ ആൾക്ക് നൽകിയാൽ കോവിഡിനെ കീഴടക്കാനാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷണചികിത്സ. ചൈനയിലും അമേരിക്കയിലും ഇത് ഫലം കണ്ടതായാണ് റിപ്പോർട്ടുകൾ. അമേരിക്കയിൽ ഈ ചികിത്സയ്ക്ക് അനുമതിയായിട്ടുണ്ട്. പരീക്ഷണത്തിനുള്ള ശ്രീചിത്രയുടെ നിർദേശം സംസ്ഥാന സർക്കാരിന്റെ വിദഗ്ധ സമിതി പരിശോധിച്ചശേഷം ഐ.സി.എം.ആറിന്റ അനുമതിക്ക് സമർപ്പിക്കുകയായിരുന്നു. ഇത് സംബന്ധിച്ച പ്രൊജക്ട് തയ്യാറാക്കി സമര്‍പ്പിച്ചത് ശ്രീചിത്ര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മെഡിക്കല്‍ സയന്‍സസ് ട്രാന്‍സ്ഫ്യൂഷന്‍സ് മെഡിസിന്‍ വിഭാഗം മേധാവി ഡോ. ദേബാഷിഷ് ഗുപ്തയുടെ നേതൃത്വത്തിലാണ്. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ വിഭാഗം സ്പെഷ്യലിസ്റ്റ് ഡോ. അനൂപ്കുമാറും ശ്രീചിത്രയുടെ പഠനത്തിൽ പങ്കുചേരും.

ഐ.സി.എം.ആറിന്റെ അനുമതി ലഭിച്ച സാഹചര്യത്തിൽ ക്ലിനിക്കൽ പഠനത്തിന് രക്തം ശേഖരിക്കാൻ സാധാരണയിലേതിനേക്കാൾ ചില ഇളവുകൾകൂടി നേടേണ്ടതുണ്ട്. ഇതിനായി ഡ്രഗ്കൺട്രോളർ ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ നൽകി. കൂടാതെ ശ്രീചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ എത്തിക്സ് കമ്മിറ്റിയുടെ അനുമതികൂടി ഈ പഠനത്തിനുവേണം. പ്ലാസ്മ ചികിത്സ നൽകുന്നത് രോഗികളുടെ അറിവോടെയും സമ്മതത്തോടെയും ആണോ, രോഗിയുടെ സുരക്ഷ തുടങ്ങിയ കാര്യങ്ങളാണ് എത്തിക്സ് കമ്മിറ്റി വിലയിരുത്തുക. ഈ അനുമതികൾകൂടി ലഭിച്ചാൽ ശ്രീചിത്രയ്ക്ക് പഠനവുമായി മുന്നോട്ടുപോകാം.