പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും

1

കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും.
വൈകിട്ട് കോഴിക്കോട്ടെ പൊതുയോഗത്തിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി പതിനെട്ടിന് തിരുവനന്തപുരത്തും പ്രചാരണത്തിനെത്തും. എന്നാൽ രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിൽ പ്രധാനമന്ത്രി പ്രചാരണത്തിനെത്തില്ല.

പ്രത്യേക വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലാണ് അദ്ദേഹം ഇറങ്ങുന്നത്. സുരക്ഷയ്ക്കായി പത്ത് എസ്പിമാര്‍, അഞ്ച് അഡീഷണല്‍ എസ്പിമാര്‍, 30 ഡിവൈഎസ്പിമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 150 വനിതാപൊലീസ് ഉള്‍പ്പെടെ രണ്ടായിരം പൊലീസുകാരെ വിന്യസിക്കും.

വൈകിട്ട് 6.40 നാണ് ബീച്ചിലെത്തുക.പരിപാടിക്ക് രണ്ടുലക്ഷത്തോളം പേരെയാണ് പ്രതീക്ഷിക്കുന്നത്. എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കാസര്‍കോഡ് മുതല്‍ പാലക്കാട് വരെയുള്ള സ്ഥാനാര്‍ത്ഥികളെ അണിനിരത്തി വിപുലമായ പരിപാടികളാണ് ഒരുക്കുന്നത്.

പകരം ദേശീയ അധ്യക്ഷൻ അമിത് ഷാ ഈ മാസം പതിനാറിന് വയനാട്ടിലെത്തും. ശബരിമല വിഷയത്തിലുള്ള മേൽകൈ തെരഞ്ഞെടുപ്പിൽ നേട്ടമാക്കാനിറങ്ങുന്ന ബിജെപി പ്രധാനമന്ത്രിയെ ശബരിമലയിലെത്തിക്കാൻ ശ്രമിച്ചിരുന്നു.

എന്നാൽ പത്തനംതിട്ട അടക്കമുള്ള മണ്ഡലങ്ങളിലും പ്രധാനമന്ത്രി എത്തില്ല. ഇതിനിടെ ശബരിമലയിൽ സ്ത്രീയെ ആക്രമിച്ച കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ച എൻഡിഎ സ്ഥാനാർത്ഥി പ്രകാശ് ബാബുവിനെ കോഴിക്കോട്ടെ പ്രധാനമന്ത്രിയുടെ പരിപാടിയിലെത്തിച്ച് പൊതുപര്യടനം ശക്തമായി തുടരാനും ബിജെപി നേതാക്കൾ ആലോചിക്കുന്നുണ്ട്.