പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ

1

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു കേരളത്തിലെത്തും. കൊല്ലം ബൈപ്പാസിന്‍റെയും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വദേശി ദർശൻ പദ്ധതിയുടേയും ഉദ്ഘാടനം നിർവ്വഹിക്കുന്ന പ്രധാനമന്ത്രി കൊല്ലത്ത് ബി ജെ പിയുടെ പൊതുസമ്മേളനത്തിലും സംസാരിക്കും.
വൈകുന്നേരം നാലിന് തിരുവനന്തപുരം എയർ ഫോഴ്‌സ് വിമാനത്താവളത്തിന്‍റെ ടെക്‌നിക്കൽ ഏരിയയിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രിയെ ഗവര്‍ണര്‍,മുഖ്യമന്ത്രി എന്നീവരുടെ നേതൃത്വത്തില്‍ സ്വീകരിക്കും. തുടര്‍ന്ന് ഹെലികോപ്റ്ററിൽ കൊല്ലത്തേക്ക് തിരിക്കുന്ന പ്രധാനമന്ത്രിആശ്രാമം മൈതാനത്തെ കൊല്ലം ബൈപാസിന്‍റെ ഉദ്ഘാടനം നിർവഹിക്കും.
തുടർന്ന് കന്റോൺമെൻറ് ഗ്രൗണ്ടിൽ നടക്കുന്ന പൊതുപരിപാടിയിലും അദ്ദേഹം പങ്കെടുക്കും. കൊല്ലത്ത് നിന്ന് ഏഴുമണിക്ക് തിരുവനന്തപുരത്ത് എത്തുന്ന മുഖ്യമന്ത്രി ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ സ്വദേശ് ദർശൻ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം ഡെൽഹിയിലേക്ക് മടങ്ങും.
നാല് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവിലാണ് കൊല്ലം ബൈപ്പാസ്സ് രാജ്യത്തിന് സമർപ്പിക്കുന്നത്. ഏത് സർക്കാരിന്‍റെ നേട്ടമെന്നതും ഉദ്ഘാടകനെ ചൊല്ലിയും വലിയ വിവാദങ്ങളാണ് ഉണ്ടായിരുന്നത്. ഒടുവിൽ ഉദ്ഘാടനത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ സ്ഥലത്തെ ഇടത് എം എൽ എമാരെ ചടങ്ങിൽ നിന്നുമ ഒഴിവാക്കിയതും ചർച്ചയായി.
വൈകിട്ട് ആറ് മണി മുതല്‍ എയര്‍പോര്‍ട്ട് മുതല്‍ പത്മനാഭ സ്വാമി ക്ഷേത്രം വരെ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്നും 7 മണി മുതല്‍ പ്രധാനമന്ത്രിയുടെ വിമാനം ദില്ലിക്ക് തിരിക്കും വരെ ഗതാഗതം തടസപെടുമെന്നും തിരുവനന്തപുരം സിറ്റി പോലീസ് അറിയിച്ചു.