തെലങ്കാനയിൽ അഭിഭാഷക ദമ്പതികളെ നടുറോഡിലിട്ട് വെട്ടിക്കൊന്നു

0

ഹൈദരാബാദ്∙ തെലങ്കാനയിൽ സർക്കാരിനെതിരെ കേസുകൾ നടത്തുന്ന അഭിഭാഷക ദമ്പതികളെ നടുറോഡിലിട്ട് വെട്ടിക്കൊന്നു. തെലങ്കാന ഹൈക്കോടതിയിലെ അഭിഭാഷകരായ ഗുട്ടു വാമൻ റാവു, ഭാര്യ നാഗമണി എന്നിവരാണ് കൊല്ലപ്പെട്ടത്. കാറിൽ യാത്ര ചെയ്യവെ പെടപ്പള്ളിയിൽ വെച്ച് ഇരുവരെയും പിടിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു.

ഭരണ കക്ഷിയായ ടിആർഎസാണ് കൊലയ്ക്കു പിന്നിലെന്ന് കുടുംബം ആരോപിച്ചതോടെ വൻ രാഷ്ട്രീയ വിവാദമായി മാറി. കസ്റ്റഡി കൊലപാതകം, അനധികൃത സ്വത്ത് സമ്പാദനം എന്നിവയുമായി ബന്ധപ്പെട്ട കേസുകളാണ് ഇരുവരും വാദിക്കുന്നത്. ഇരുവരുടെയും ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ ഒരുക്കണമെന്നും തെലങ്കാന ഹൈക്കോടതി നേരത്തെ പോലീസിനോട് നിർദേശിച്ചിരുന്നതാണ്.

കാറിൽ നിന്നു പിടിച്ചിറക്കി നിറയെ വാഹനങ്ങൾ കടന്നു പോകുന്ന ഹൈവേയിൽ ഇട്ടായിരുന്നു കൊലപാതകം. ഉടൻ തന്നെ അക്രമികൾ മറ്റൊരു കാറിൽ കയറി രക്ഷപെടുകയും ചെയ്തു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അടക്കം സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയെങ്കിലും ഇതുവരെ അക്രമികളെ കണ്ടെത്താനായിട്ടില്ല. അതേസമയം കൊലപാതകത്തിന് പിന്നിൽ ഭരണകക്ഷിയായ ടിആർഎസ് ആണെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബം ആരോപിച്ചു. ടിആർഎസ് ഭരിക്കുന്ന മാന്താനി ജില്ലാ പരിഷത്ത് പ്രസിഡന്റിന് എതിരെ ദമ്പതികൾ തെലങ്കാന ഹൈക്കോടതിയിൽ കേസ് നൽകിയിരുന്നു.