സാഹോദര്യ സന്ദേശവുമായി പുതു ചരിത്രമെഴുതി മാർപാപ്പ യു.എ.ഇ.യിൽ

1

അബുദാബി: വിശ്വമാനവികതയുടെ സന്ദേശവുമായി ഫ്രാൻസിസ് മാർപാപ്പ ഞായറാഴ്ച രാത്രി അബുദാബിയിൽ വന്നിറങ്ങിയപ്പോൾ യു.എ.ഇ.യിൽ പുതുചരിത്രം കുറിക്കപ്പെട്ടു. അബുദാബിയിലെ അൽ ബത്തീൻ പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ പ്രത്യേക വിമാനത്തിൽ എത്തിയ മാർപാപ്പയെ സ്വീകരിക്കാൻ പ്രമുഖ രാജകുടുംബാംഗങ്ങൾ സന്നിഹിതരായിരുന്നു. ഗൾഫ് മേഖലയിൽ ഒരു മാർപാപ്പ സന്ദർശനം നടത്തുന്നത് ചരിത്രത്തിൽ ആദ്യം. സുഹൃത്തും സഹോദരനുമെന്നു മാർപാപ്പ വിശേഷിപ്പിച്ച ഈജിപ്തിലെ പരമോന്നത സുന്നി ആചാര്യൻ ഷെയ്ഖ് അൽ തായെബ് അദ്ദേഹത്തെ വരവേറ്റു. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ക്ഷണപ്രകാരം മാനവസാഹോദര്യ സമ്മേളനത്തിൽ പങ്കെടുക്കാനാണു മാർപാപ്പയെത്തിയത്. സമ്മേളനം എമിറേറ്റ്സ് പാലസ് ഹോട്ടലിൽ തുടങ്ങി. ഇന്നു വൈകിട്ട് ആറിന് ഫൗണ്ടേഴ്സ് മെമ്മോറിയലിൽ, സമ്മേളനത്തോട് അനുബന്ധിച്ചു മാർപാപ്പ സന്ദേശം നൽകി. ചൊവ്വാഴ്ചയാണ് മാർപാപ്പയുടെ പ്രധാന പരിപാടി. അബുദാബി സായിദ് സ്പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുപരിപാടിയിലും വിശുദ്ധകുർബാനയിലും ഒന്നേകാൽ ലക്ഷത്തോളംപേരാണ് പങ്കെടുക്കുക.