ഇവർ കാൻസറിനെതിരെ യുദ്ധം ചെയ്തവർ

1

ഇന്ന് ഫെബ്രുവരി 4 ലോക കാൻസർ ദിനം. കാലവും വൈദ്യശാസ്ത്രവും എത്രതന്നെ പുരോഗമിച്ചലും ശരീരത്തെ കാർന്നു തിന്നുന്ന കാൻസർ എന്ന മാരകരോഗത്തെ ഇന്നും നമുക്ക് പേടിയാണ്. എന്നാൽ ഈ രോഗത്തെ കുറിച്ചോർത്ത് സങ്കടപെടേണ്ട ഒരുദിവസമല്ല ഇന്ന്. മറിച്ച് മനസും ശരീരവും ഒരുപോലെ തളർത്തികളയുന്ന ഈ വ്യാധിയെ അതിജീവിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുന്ന ഒട്ടനവധി വ്യക്തിത്വങ്ങളെ അഭിനന്ദിക്കേണ്ട ദിവസമാണ്. അത്തരത്തിൽ കാൻസർ ജീവിതത്തിന്റെ അവസാന വാക്കല്ലെന്നു കണ്ടെത്തുകയും ഈ മാറാരോഗത്തിനെതിരെ മനസ്സുകൊണ്ടും ശരീരംകൊണ്ടും അഹോരാത്രം പോരാടി ജീവിതത്തിലേക്കും സ്വന്തം തൊഴിലേക്കും പൂർവ്വാധികം ശക്തിയോടെ തിരിച്ചുവന്ന ഒട്ടനവധി പേരുണ്ട്. സെലിബ്രിറ്റികളിലുമുണ്ട് ഇത്തരത്തിൽ സജീവമായി തിരിച്ചുവന്ന ചിലർ. സുപരിചിതരായ അവരെ നമുക്കൊന്ന് പരിചയപ്പെടാം.

മമ്ത മോഹന്‍ദാസ്

2009 ലാണ് സിനിമ രംഗത്തെ നിറസാന്നിധ്യമായ നടിയും ഗായികയുമായ മമ്ത മോഹന്‍ദാസിനു കാൻസർ ബാധിക്കുന്നത്. രോഗവിമുക്തയായി വിവാഹജീവിതത്തിലേക്ക് കടന്നു. എന്നാല്‍ രോഗം തിരിച്ചുവന്നു. 2013 ബോൺ മാരോ ട്രാൻസ്‌പ്ലാന്റ ചെയ്തു. വിവാഹബന്ധം പിരിഞ്ഞു. അര്‍ബുദത്തെ ചെറുത്തുകൊണ്ട് മലയാള സിനിമയില്‍ വീണ്ടും സജീവമാകുകയാണ് മമ്ത മോഹന്‍ദാസ്.നീലിയാണ് പുതിയചിത്രം.

ഇന്നസെന്റ് വറീദ് തെക്കേതല

വിശേഷണങ്ങൾക്ക് അതീതമായ മഹാ നടൻ സർവോപരി കൊമേഡിയൻ, ലോക്‌സഭാംഗം, മലയാള താരസംഘടനയുടെ പ്രസിഡണ്ട് കൂടിയായിരുന്ന ഇന്നസെന്റ് 2013ലും 2015ലും രോഗത്തിനടിപ്പെട്ടു. ദില്ലിയിലെ എയിംസിലായിരുന്നു ഇന്നസെന്റിന് ചികിത്സ. ഫേസ്ബുക്കിലൂടെ താരം തന്നെയാണ് ഇക്കാര്യം ആളുകളെ അറിയിച്ചതും. എന്നാൽ കാൻസറിനെ അതിജീവിച്ച് അദ്ദേഹമിപ്പോൾ അഭിനയ രംഗത്തും, രാഷ്ട്രീയ രംഗത്തും സജീവമാണ്.

ശരണ്യ ശശി

സിനിമ സീരിയൽ രംഗത്തെ പ്രശസ്ത നടി ശരണ്യ ശശി ഈ അടുത്തകാലത്താണ് ക്യാൻസറിന്റെ പിടിയിൽ അകപ്പെട്ടത്.എന്ന വിദഗ്ധ ചികിത്സക്ക് ശേഷം താരം വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ശരണ്യ തന്നെയാണ് വിവരം ആരാധകരെ അറിയിച്ചത്.

മനീഷ കൊയ്‌രാള

ബോളിവുഡ് നടിയായ മനീഷ കൊയ്‌രാള കാന്‍സറാണെന്ന് തിരിച്ചറിഞ്ഞത് 2012ല്‍. ഒരു വര്‍ഷം യു എസില്‍ ചികിത്സിച്ചു. രോഗം ഭേദമായി. ഇപ്പോള്‍ കാന്‍സര്‍ ബോധവത്കരണ പരിപാടികളില്‍ സജീവമാണ് താരം.

യുവരാജ് സിംഗ്

യൂവീ കാന്‍ എന്ന പേരില്‍ ഒരു കാന്‍സര്‍ ബോധവത്കരണ സംരംഭം തന്നെയുണ്ട് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട യുവിയുടേതായി. 2011 ലെ ലോകകപ്പില്‍ മാന്‍ ഓഫ് ദ സീരിസായി തിളങ്ങി നില്‍ക്കേയാണ് യുവിക്ക് കാന്‍സര്‍ തിരിച്ചറിഞ്ഞത്. സ്‌റ്റേണത്തിലായിരുന്നു കാൻസർ. അവിടുന്നങ്ങോട്ട് പ്രതിസന്ധിയുടെ ദിവസങ്ങളായിരുന്നു. എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് പൂർവ്വാധികം ശക്തിയോടെ തിരിച്ച് വന്നിരിക്കുകയാണ്.

ഗൗതമി

ഗൗതമിയുടെ മുപ്പത്തിയഞ്ചാം വകുപ്പിലാണ് കാൻസർ ബാധ്യതയാണെന്ന് തിരിച്ചറിയുന്നത്. ആദ്യമൊക്കെ തളർന്നുപോയെങ്കിലും രോഗത്തോട് പൊരുതിജയിച്ച് വീണ്ടും സിനിമാലോകത്തിലെ സജ്ജീവമായി മാറിയിരിക്കുകയാണ് ഗൗതമി.
ഓരോ വര്‍ഷവും 12 ദശലക്ഷം ജനങ്ങള്‍ക്ക് കാന്‍സര്‍ ബാധിക്കുന്നു എന്നാണ് കണക്ക്. 7.6 ദശലക്ഷം ആളുകളാണ് കാന്‍സര്‍ മൂലം മരിക്കുന്നത്. ഇന്ത്യയില്‍ മാത്രം 7ലക്ഷം പേര്‍ കാന്‍സര്‍ മൂലം മരണപ്പെടുന്നുണ്ട്. അനിയന്ത്രിതമായ കോശവിഭജനവും വളര്‍ച്ചയുമാണ് കാന്‍സര്‍. ത്തരത്തിലുള്ള കോശങ്ങള്‍ പെരുകി രക്തത്തിലൂടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുന്നു. അതിനാലാണ് കാന്‍സര്‍ ഒരു മാരക രോഗമാകുന്നത്. ആരോഗ്യകരമായ ജീവിത രീതി, പ്രാരംഭഘട്ടത്തില്‍ തന്നെ കാന്‍സര്‍ തിരിച്ചറിയുക, എല്ലാ കാന്‍സര്‍ രോഗികള്‍ക്കും ചികിത്സ ലഭ്യമാക്കുക, ജീവിത നിലവാരം ഉയര്‍ത്തുക എന്നീ നാല് പ്രധാന ലക്ഷ്യങ്ങളാണ് ഈ വര്‍ഷത്തെ കാന്‍സര്‍ ദിനാചരണം ലക്ഷ്യമിടുന്നത്.