നോവലിസ്റ്റ് സുധാകര്‍ മംഗളോദയം അന്തരിച്ചു

0

കോട്ടയം: മലയാളത്തിലെ ജനപ്രിയ നോവലിസ്റ്റ് സുധാകര്‍ മംഗളോദയം(72) അന്തരിച്ചു. . വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ഒരു വര്‍ഷമായി ചികിത്സയിലായിരുന്നു. കോട്ടയത്ത് വെള്ളിയാഴ്ച വൈകിട്ട് ആറിന് ആയിരുന്നു അന്ത്യം. സംസ്‌കാരം നാളെ പത്തിന് വീട്ടുവളപ്പില്‍.

1980 മുതൽ വിവിധ ആഴ്ചപ്പതിപ്പുകളിലെ ജനപ്രിയ നോവലുകളിലൂടെ മലയാള വായനക്കാരുടെ മനസ്സിൽ ഇടം പിടിച്ച എഴുത്തുകാരനാണ് ഇദ്ദേഹം. സാധരണക്കാരന്റെ ജീവിതത്തിലെ സംഭവങ്ങളായിരുന്നു അദ്ദേഹത്തിന്റെ നോവലുകളിൽ എന്നും ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ മലയാളിളെ ആകർഷിക്കാൻ ഇദ്ദേഹത്തിന്റെ എഴുത്തിന് നിശ്ശേഷം കഴിഞ്ഞു എന്നുതന്നെ പറയാം.

ഇദ്ദേഹത്തിന്റെ നിരവധി നോവലുകള്‍ സിനിമകളും സീരിയലുകളുമായിട്ടുണ്ട്. ഇവയില്‍ ചിലതിന് അദ്ദേഹം തന്നെയാണ് തിരക്കഥയൊരുക്കിയതും. വൈക്കത്തിനടുത്ത് വെള്ളൂരാണ് സ്വദേശം. പി.പത്മരാജന്റെ ‘കരിയിലക്കാറ്റുപോലെ’ എന്ന ചലച്ചിത്രത്തിന്റെ കഥാരചയിതാവാണ്. 1985 ൽ പുറത്തിറങ്ങിയ ‘വസന്തസേന’ എന്ന ചലച്ചിത്രത്തിന്റെയും കഥാരചന നടത്തി. ‘നന്ദിനി ഓപ്പോൾ’ എന്ന സിനിമയ്ക്കു സംഭാഷണം രചിച്ചു, ‘ഞാൻ ഏകനാണ്’ എന്ന ചലച്ചിത്രത്തിന്റെ തിരക്കഥയും.

പാദസ്വരം, നന്ദിനി ഓപ്പോൾ, അവൾ, ഒറ്റക്കൊലുസ്സ്, ചിറ്റ, ഈറൻ നിലാവ്, മയൂരനൃത്തം, കളിയൂഞ്ഞാൽ, വസന്തസേന, ഹംസതടാകം, വേനൽവീട്, കൃഷ്ണതുളസി, തലാഖ്, സൗന്ദര്യപൂജ, ശ്രീരാമചക്രം, ശ്യാമ, ഗാഥ, കുങ്കുമപ്പൊട്ട്, തവ വിരഹേ, നീല നിലാവ്, പത്നി, താരാട്ട്, കമല, ചുറ്റുവിളക്ക്, താലി, പൂമഞ്ചം, നിറമാല, ഗൃഹപ്രവേശം, നീലക്കടമ്പ, തുലാഭാരം, കുടുംബം, സുമംഗലി, വെളുത്ത ചെമ്പരത്തി, വാസ്തുബലി, ഓട്ടുവള, നിറമാല, ചുവപ്പുകൂടാരങ്ങൾ, കാവടിച്ചിന്ത്, പച്ചക്കുതിര, ഒരു ശിശിരരാവിൽ, താമര, പ്രണാമം, പദവിന്യാസം, സ്വന്തം രാധ, പാഞ്ചാലി, മുടിയേറ്റ്, ആൾത്താര, ഓട്ടുവള, തില്ലാന, ചാരുലത തുടങ്ങിയവയാണ് പ്രശസ്ത കൃതികൾ.