സംസ്ഥാനത്ത വൈദ്യുതി നിയന്ത്രണം ഒഴിവാക്കി

0

സംസ്ഥാനത്ത വൈദ്യുതി നിയന്ത്രണം ഒഴിവാക്കിയതായി കെ എസ് ഇ ബി. വൈദ്യുതി ലഭ്യതയിലെ താത്കാലിക കുറവ് പരിഹരിച്ചതായി കെ എസ് ഇ ബി അറിയിച്ചു. യൂണിറ്റിന് 20 രൂപ നിരക്കിൽ 250 മെഗാവാട്ട് വൈദ്യുതി വാങ്ങുമെന്ന് കെ എസ് ഇ ബി അറിയിച്ചു. ബാംങ്കിംഗ് സ്വാപ് ടെൻഡർ മുഖാന്തരം അടിയന്തരമായി 200 മെഗാവാട്ട് വാങ്ങും.

വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ ജനങ്ങൾ സഹകരിക്കണമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി ആവശ്യപ്പെട്ടിരുന്നു. അധികപണം നൽകി വൈദ്യുതി വാങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. വൈദ്യുതി ക്ഷാമം നാളയോടെ പരിഹരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. നല്ലളത്ത് വൈദ്യുതി ഉത്പാദനം ഉടൻ തുടങ്ങും. വൈദ്യുതി ക്ഷാമം പരിഹരിക്കാനുള്ള ശാശ്വത പരിഹാരം ജലവൈദ്യുത പദ്ധതികളാണ്. അതിരപ്പിള്ളി ഒഴികെയുള്ള പദ്ധതികൾ വേഗത്തിൽ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

കൽക്കരിക്ഷാമം മൂലം താപനിലയങ്ങളിൽ ഉല്പാദനം കുറഞ്ഞത് വഴി രാജ്യം നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയാണ് കേരളത്തിലും. എന്നാൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നിലവിൽ വൈദ്യുതി ക്ഷാമം കേരളത്തിൽ കുറവാണ്. പീക്ക് അവറിൽ 200 മെഗാ വാട്ടിന്‍റെ കുറവാണുള്ളത്. നല്ലളത്തിന് പുറമ കായംകുളം താപനിലയവും പ്രവർത്തനക്ഷമമാക്കി പ്രതിസന്ധി തീർക്കാനാണ് സർക്കാരിന്‍റെയും കെഎസ്ഇബിയുടെയും നീക്കം.

നിലവില്‍ 14 സംസ്ഥാനങ്ങളില്‍ ഒരുമണിക്കൂറിലേറെ ലോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 200 മെഗാവാട്ട് വൈദ്യുതി ആന്ധ്രപ്രദേശില്‍ നിന്നും സംസ്ഥാനത്തേക്ക് എത്തുകയും കോഴിക്കോട് താപവൈദ്യുത നിലയം പ്രവര്‍ത്തനക്ഷമമാവുകയും ചെയ്യുന്നതോടെ രണ്ട് ദിവസത്തിനുളളില്‍ സാധാരണ നില കൈവരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചിരുന്നു.