ബലാത്സംഗ കേസ്; വിജയ് ബാബുവിനെ ഇന്ത്യയിലെത്തിക്കാൻ ശ്രമം, പാസ്‌‌‌പോര്‍ട്ട് റദ്ദാക്കാന്‍ നീക്കം

0

കൊച്ചി: ബലാത്സംഗ കേസിൽ വിജയ് ബാബുവിനെ ഇന്ത്യയിലെത്തിക്കാൻ പൊലീസ് നീക്കം തുടങ്ങി. പാസ്‌പോർട്ട് കണ്ടുകെട്ടാൻ അപേക്ഷ സമർപ്പിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം. നടന്റെ ഫ്ലാറ്റും വീടുമടക്കം പൊലീസ് പരിശോധിച്ചിരുന്നു.

വിജയ് ബാബു ദുബായിലാണ് ഉള്ളതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ഇന്നലെ സ്ഥിരീകരിച്ചിരുന്നു. സിനിമയിൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് നടൻ പലവട്ടം ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് ആരോപിച്ച് ഈ മാസം ഇരുപത്തിരണ്ടിനാണ് യുവനടി പൊലീസിൽ പരാതി നൽകിയത്. അന്വേഷണം നടക്കുന്നതിനിടെ ഇരുപത്തിനാലിനാണ് വിജയ് ബാബു ബംഗളൂരു വഴി ദുബായിലേക്ക് കടന്നത്.

നടനെതിരെ മീടു ആരോപണവുമായി മറ്റൊരു യുവതി ഇന്നലെ രംഗത്തെത്തിയിരുന്നു. വിമെൻ എഗെയ്ൻസ്റ്റ് സെക്ഷ്വൽ ഹരാസ്‌മെന്റ് എന്ന ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ആരോപണം. സിനിമയുമായി ബന്ധപ്പെട്ട ചർച്ചയ്‌ക്കിടയിലായിരുന്നു മോശം അനുഭവം നേരിടേണ്ടി വന്നതെന്നും അനുവാദമോ ചോദ്യമോ ഇല്ലാതെ തന്നെ ചുംബിക്കാനായി ചുണ്ടിലേക്ക് ചാഞ്ഞുവെന്നുമാണ് യുവതിയുടെ കുറിപ്പിൽ പറയുന്നത്. ഈ സ്ത്രീ ആരെന്ന് കണ്ടെത്താനായി സൈബർ ടീമിനെ നിയോഗിച്ചിട്ടുണ്ട്. പേജിന്റെ അഡ്മിനോട് വിവരങ്ങൾ തേടും.