എസ്.ഐയെ മസാജ് ചെയ്തത് പീഡനക്കേസിലെ പ്രതിയുടെ അമ്മ: വീഡിയോ

0

പട്‌ന: പോലീസ് ഔട്ട്‌പോസ്റ്റില്‍ എസ്.ഐയെ സ്ത്രീ മസാജ് ചെയ്യുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഉദ്യോഗസ്ഥനെതിരേ നടപടി സ്വീകരിച്ച് ബിഹാര്‍ പോലീസ്. ദര്‍ഹാര്‍ പോലീസ് ഔട്ട്‌പോസ്റ്റിലെ എസ്.ഐ. ശശിഭൂഷണ്‍ സിന്‍ഹക്കെതിരേയാണ് ഉന്നത ഉദ്യോഗസ്ഥര്‍ നടപടിയെടുത്തത്. ഇയാളെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തതായും സംഭവത്തില്‍ വകുപ്പുതല അന്വേഷണം ആരംഭിച്ചതായും എ.ഡി.ജി.(ഹെഡ്ക്വാര്‍ട്ടേഴ്‌സ്) ജെ.എസ്. ഗംഗ്വാര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് എസ്.ഐ.യായ ശശിഭൂഷണ്‍ സിന്‍ഹയ്ക്ക് ഒരു സ്ത്രീ മസാജ് ചെയ്തുനല്‍കുന്ന വീഡിയോ പുറത്തുവന്നത്. ഒരു സ്ത്രീ അര്‍ധനഗ്നായ എസ്.ഐ.യ്ക്ക് മുന്നിലിരിരിക്കുമ്പോള്‍ മറ്റൊരു സ്ത്രീ അദ്ദേഹത്തിന് മസാജ് ചെയ്തു നല്‍കുന്നതായിരുന്നു ദൃശ്യങ്ങളിലുണ്ടായിരുന്നത്. നൗഹാട്ട പോലീസ് സ്‌റ്റേഷന് കീഴിലെ ദര്‍ഹാര്‍ പോലീസ് ഔട്ട്‌പോസ്റ്റിലായിരുന്നു സംഭവം.

ഔട്ട്‌പോസ്റ്റില്‍ തന്റെ മുറിയില്‍വെച്ചാണ് എസ്.ഐ. സ്ത്രീയെ കൊണ്ട് മസാജ് ചെയ്യിപ്പിച്ചത്. മസാജ് ചെയ്തിരുന്ന സ്ത്രീ ഒരു പീഡനക്കേസിലെ പ്രതിയുടെ അമ്മയാണെന്നാണ് റിപ്പോര്‍ട്ട്. മസാജിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന്‍ അഭിഭാഷകനോട് സംസാരിക്കുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. ഈ സ്ത്രീ ഒരു പാവമാണെന്നും ആധാര്‍ കാര്‍ഡുമായി കോടതിയില്‍ വരുമെന്നും സഹായിക്കണമെന്നുമാണ് എസ്.ഐ. അഭിഭാഷകനോട് ഫോണില്‍ പറഞ്ഞിരുന്നത്. പീഡനക്കേസിലെ പ്രതിയുടെ ജാമ്യത്തിനായി തന്റെ പോക്കറ്റില്‍നിന്നാണ് പതിനായിരം രൂപ മുടക്കുന്നതെന്നും ഇയാള്‍ പറഞ്ഞിരുന്നു.

അതേസമയം, വീഡിയോ ശ്രദ്ധയില്‍പ്പെട്ട ഉടന്‍ എസ്.ഡി.പി.ഒ.യോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി സഹര്‍സ എസ്.പി. ലിപി സിങ് പറഞ്ഞു. കഴിഞ്ഞദിവസം റിപ്പോര്‍ട്ട് കിട്ടിയ ഉടന്‍ എസ്.ഐ.യെ സസ്‌പെന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരേ വകുപ്പുതല നടപടി സ്വീകരിക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും എസ്.പി. പ്രതികരിച്ചു. വീഡിയോയിലുള്ള സ്ത്രീ പീഡനക്കേസിലെ പ്രതിയുടെ അമ്മയാണെന്നും എസ്.പി. സ്ഥിരീകരിച്ചു. മാര്‍ച്ച് 16-ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രണ്ട് ആണ്‍കുട്ടികള്‍ പീഡിപ്പിച്ചെന്ന കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസിലെ പ്രതികളിലൊരാളുടെ അമ്മയാണ് വീഡിയോയിലുള്ളതെന്നും എസ്.പി. വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.