40 വര്‍ഷത്തിന് ശേഷം മെറിലാന്റ്; പ്രണവ് മോഹൻലാൽ നായകൻ,​ കല്യാണി നായിക: സംവിധാനം വിനീത് ശ്രീനിവാസൻ

0

40 വര്‍ഷത്തിന് ശേഷം മലയാള സിനിമയുടെ സ്പന്ദനമായിരുന്ന മെറിലാന്റ് സിനിമാസ് തിരിച്ചുവരുന്നു. മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് വിനീത് ശ്രീനിവാസനാണ്. ഹൃദയം എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രത്തില്‍ പ്രണവ് മോഹൻലാലാണ് നായകനായി എത്തുന്നത്.പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശൻ ആണ് നായികയായി എത്തുന്നത്. ദർശന രാജേന്ദ്രനും പ്രധാനവേഷത്തിലെത്തുണ്ട്. മെറിലാൻഡിന് വേണ്ടി വൈശാഖ് സുബ്രഹ്മണ്യനാണ് സിനിമ നിർമിക്കുന്നത്. 2020 ഒാണത്തിന് സിനിമ തിയറ്ററിലെത്തും.

ചിത്രത്തെക്കുറിച്ചുള്ള വീഡിയോ പങ്കുവച്ചുകൊണ്ട് മോഹന്‍ലാലാണ് ഈ വിവരം പുറത്ത് വിട്ടത്. “തെന്നിന്ത്യയിലെ ഏറ്റവും പ്രശസ്തമായിരുന്ന സിനിമാ നിര്‍മാണ കമ്പനി മെറിലാന്റ് 40 വര്‍ഷത്തിന് ശേഷം വിശാഖ് സുബ്രഹ്മണ്യത്തിലൂടെ വീണ്ടും നിര്‍മാണ രംഗത്തേക്ക്. എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ ശ്രീനിവാസന്റെ മകന്‍ വിനീത് ശ്രീനിവാസനാണ് സംവിധായകന്‍. പ്രിയദര്‍ശന്റെയും ലിസിയുടേയും മകള്‍ കല്യാണി നായിക. ഈ ചിത്രത്തിലൂടെ എന്റെ മകന്‍ പ്രണവ് വീണ്ടും നായകനായി നിങ്ങളുടെ മുന്നിലെത്തുന്നു. സൗഹൃദങ്ങളുടെയും കുടുംബബന്ധങ്ങളുടേയും അവിചാരിതമായ ഒരു ഒത്തുചേരല്‍. ഹൃദയം!!!”…സ്വന്തം ശബ്ദത്തില്‍ മോഹന്‍ലാല്‍ വീഡിയോയില്‍ പറയുന്നു.

തന്റെ ഏറെ നാളായുള്ള സ്വപ്‌നം പൂവണിഞ്ഞു എന്നാണ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വിനീത് വ്യക്തമാക്കിയത്. ഹൃദയം എന്നാണ് ചിത്രത്തിന്റെ പേര്. സ്വന്തം കൈപ്പടയിൽ എഴുതിയ ചിത്രമാണ് വിനീത് പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുന്നത്. വിനീത് തന്നെയാണ് ചിത്രത്തിന് കഥ ഒരുക്കുന്നത്. 1978-ല്‍ പുറത്തിറങ്ങിയ, മധു നായകനായുള്ള ‘ഹൃദയത്തിന്റെ നിറങ്ങള്‍’ ആയിരുന്നു മെറിലാന്‍ഡിന്റെ അവസാന ചിത്രം.