ആരും ജോലി തരുന്നില്ല; മനുഷ്യനായി പോലും കണക്കാക്കുന്നില്ല: കേഴുന്ന മനസ്സുമായി പ്രീതി

1

ലക്ഷങ്ങളില്‍ ഒരാള്‍ക്ക് മാത്രമുണ്ടാകുന്ന അത്യപൂര്‍വരോഗമാണ് തൃശ്ശൂർ ചേലക്കര പങ്ങാരപ്പിള്ളി സ്വദേശിനിയായ പ്രീതി(30)ക്ക് ബാധിച്ചിരിക്കുന്നത്. ജനിച്ചപ്പോള്‍ മുതല്‍ ഈ രോഗത്തിന്‍റെപിടിയിലാണ് പ്രീതി. പരേതനായ വേലായുധന്‍റെ മകളായ പ്രീതിക്ക് മുഖത്തെ ഉള്‍പ്പടെ തൊലി അടര്‍ന്ന് പോകുന്ന അപൂർവ്വ രോഗമാണ് ബാധിച്ചിരിക്കുന്നത്. ഈ രോഗം മൂലം, പഠന കാലം മുതൽക്കേ തന്നോട് ആരും തന്നെ കൂട്ട് കൂടാനോ, ഇപ്പോൾ തനിക്ക് ഒരു ജോലി തരാനോ ആരും തന്നെ തയ്യാറാകുന്നില്ല. ” ഒറ്റക്കാണ് ഞാൻ നടക്കുക. സ്കൂളിൽ ഉച്ചയ്ക്ക് കഴിക്കാൻ തന്ന കഞ്ഞിയിൽ വരെ ഒരാൾ തുപ്പിയിട്ടു. അത്തരത്തിൽ ഒട്ടേറെ അനുഭവങ്ങൾ …” ഈ സാഹചര്യത്തിനിടയിലും പ്രീതി പത്താം ക്ലാസ് വരെ പഠനം പൂർത്തിയാക്കി. പ്രേതമെന്നും ഭീകരജീവിയെന്നുമുള്ള പലരുടെയും ആക്ഷേപങ്ങള്‍ കേള്‍ക്കുമ്പോൾ ഒറ്റയ്ക്കിരുന്ന് കരഞ്ഞ് പ്രീതി സങ്കടം തീര്‍ക്കും.
അമ്മ കൂലിപ്പണിയെടുത്ത് ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലാണ് ജീവിതം കഴിഞ്ഞിരുന്നത്. അമ്മയ്ക്ക് വാര്‍ദ്ധക്യം ബാധിച്ച് തുടങ്ങിയതോടെ അമ്മയെ സഹായിക്കാനും തങ്ങളുടെ പട്ടിണി അകറ്റാനും, രോഗ ചികിത്സയ്ക്കായും ഒരു ജോലി ചെയ്യണമെന്ന പ്രീതിയുടെ ആഗ്രഹത്തിന് ആരും ഒരു ജോലി തന്ന് സഹായിക്കുന്നില്ല.
കായംകുളം മോഹനൻവൈദ്യരുടെ ചികിത്സയിലാണ് പ്രീതിയിപ്പോള്‍. ചൂട് സഹിക്കാന്‍ പറ്റാത്ത അവസ്ഥയിലെത്തുമ്പോള്‍ കടംവാങ്ങിയും മറ്റും വൈദ്യരുടെ അടുത്തെത്തി ചികിത്സിക്കും. ശരീരത്തില്‍ ചൂട് കൊള്ളാതിരിക്കാന്‍ നോക്കണമെന്നാണ് വൈദ്യര്‍ പറയുന്നത്. ഓടിട്ട ചെറിയ വീട്ടില്‍ ചൂട് കൊള്ളാതെ ഇരിക്കാന്‍ സാധിക്കുകയില്ല. ഇതോടെ തൊലി ഉരുകുന്ന വേദനയില്‍ നിന്നും രക്ഷനേടാനായി ഇടയ്ക്കിടെ കുളിക്കുകയാണ് പ്രീതി ചെയ്യുന്നത്. ചികിത്സയിലൂടെ ചെറിയൊരു ആശ്വാസം ലഭിച്ച് തുടങ്ങിയതായി പ്രീതി പറയുന്നു. പക്ഷെ തുടര്‍ ചികിത്സയ്ക്ക് പണമില്ലാത്ത അവസ്ഥയാണ്.
ഒന്നും വേണ്ട മനുഷ്യനായിട്ട് കണ്ടാൽ മതിയെന്ന് തൊഴുകയ്യോടെ പ്രീതി പറയുന്നു. സാമൂഹികപ്രവർത്തകനായ സുശാന്ത് നിലമ്പൂരാണ് ഈ ജീവിതം ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്.
തുടര്‍ ചികിത്സയ്ക്ക് പണമില്ലാത്തതും കുടുംബത്തിന്‍റെ വരുമാനം കുറഞ്ഞതോടെയുമാണ് വെയിൽ കൊള്ളാതെ എന്ത് പണിയെടുക്കാനും തയ്യാറായി പ്രീതി ഇപ്പോള്‍ മുന്നോട്ട് വന്നിട്ടുള്ളത്. സുമനസ്സുകളുടെ സഹായങ്ങള്‍ അയയ്ക്കാന്‍ കെ.വി.പ്രീതി,കരുവാന്‍ കുന്നത്ത് വീട്,പങ്ങാരപ്പിള്ളി(പി.ഒ.)ചേലക്കര ഫോണ്‍: 9526523172 എന്ന മേല്‍വിലാസത്തിലോ കനറാ ബാങ്ക് ചേലക്കര ശാഖയിലെA/C No.0801108064036 (IFSC Code: CNRB 0000801)എന്നവിലാസത്തിലോ സഹായം അയയ്ക്കാം.