‘ ലൂസിഫര്‍’ ഏഴുവർഷങ്ങൾക്ക് മുൻപ് രാജേഷ് പിള്ള പ്രഖ്യാപിച്ച ചിത്രമോ?; മറുപടിയുമായി പൃഥ്വിരാജ്

2

അന്തരിച്ച സംവിധായകൻ രാജേഷ് പിള്ള ഏഴു വർഷങ്ങൾക്ക് മുൻപ് മോഹൻലാലിനെ നായകനാക്കി ചിത്രീകരിക്കാൻ ഉദ്ദേശിച്ചിരുന്ന ചിത്രമാണ് പൃഥ്വിരാജിന്റെ കന്നിസംവിധാനത്തിൽ ഒരുങ്ങുന്ന ലൂസിഫർ എന്നതാണ് ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള വിവാദം.

മോഹൻലാലിനെ നായകനാക്കി ലൂസിഫര്‍ എന്ന സിനിമ ഒരുക്കാൻ സംവിധായകൻ രാജേഷ് പിള്ള ആലോചിച്ചിരുന്നതായി മുമ്പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേ സിനിമയാണോ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന ലൂസിഫറെന്നും സിനിമാലോകത്തും ആരാധകർക്കിടയിലും ചർച്ചയായിരുന്നു. രണ്ടിലും മോഹൻലാൽ നായകനായി എത്തിയതാണ് സംശയത്തിന്റെ പ്രധാന കാരണം.

ഈയിടെ ദേശീയ മാധ്യമമായ ഫസ്റ്റ്‌പോസ്റ്റില്‍ ‘ലൂസിഫറി’നെക്കുറിച്ചുള്ള ഒരു ലേഖനത്തിലും ഇക്കാര്യം പരാമര്‍ശിച്ചിരുന്നു.എന്നാല്‍ പരാമര്‍ശങ്ങള്‍ തെറ്റാണെന്നും തലക്കെട്ട് മാത്രം ഒരു പോലെ ആയെന്നേയുള്ളൂവെന്നും പൃഥ്വിരാജ് ട്വീറ്റ് ചെയ്തു. മോഹൻലാലിനെ നായകനായി കണ്ട് രാജേഷ് പിള്ള ലൂസിഫര്‍ എന്ന മറ്റൊരു സിനിമയാണ് ആലോചിച്ചിരുന്നത്. ഞാൻ കഥ കേട്ടിരുന്നു. ലൂസിഫര്‍ എന്ന പേര് ഞങ്ങളുടെ പ്രൊജക്റ്റിനു ചേരുന്നതാണെന്ന് ഞാൻ മുരളി ഗോപിയോട് പറയുകയായിരുന്നു. അങ്ങനെ ലൂസിഫര്‍ എന്ന പേര് കടമെടുക്കുകയായിരുന്നു- പൃഥ്വിരാജ് പറഞ്ഞു.

മോഹൻലാൽ, വിവേക് ഒബ്‌റോയ്, മഞ്ജുവാരിയർ, ടോവിനോ തോമസ്, ഇന്ദ്രജിത്ത്, നൈല ഉഷ, കലാഭവൻ ഷാജോൺ തുടങ്ങി ഒരു വൻ താര നിരതന്നെ ചിത്രത്തിലുണ്ട്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ മുരളീ ഗോപിയാണ് നിർവഹിച്ചിരിക്കുന്നത്. ചിത്രം മാര്‍ച്ച് 28ന് തീയേറ്ററുകളിലെത്തും.