‘സത്യങ്ങള്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കും’; മുന്നറിയിപ്പുമായി പ്രിയ പ്രകാശ് വാരിയർ

0

ഒരൊറ്റ കണ്ണിറുക്കൽ കൊണ്ട് ലോകമെമ്പാടുമുള്ള സിനിമ പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചു പറ്റിയ നടിയാണ് പ്രിയ വാര്യർ. പ്രിയ വാര്യരുടെ പുതിയ ഇൻസ്റ്റാഗ്രാം സ്റ്റോറിക്ക് പിറകെയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. സത്യങ്ങള്‍ തുറന്നു പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കുമെന്ന മുന്നറിയിപ്പുമായി പ്രിയ വാര്യർ രംഗത്തെത്തിയിരിക്കുന്നത്.

‘സത്യങ്ങള്‍ ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കും. എന്തിന് അവരെ പോലെയാകണം? മൗനം പാലിക്കുന്നു എന്നു മാത്രം. കാരണം കര്‍മ്മ എന്നൊന്നുണ്ട്. അത് എന്നായാലും സത്യങ്ങള്‍ പുറത്തു കൊണ്ടു വരും. ആ സമയം ഒട്ടും ദൂരെയല്ല’. പ്രിയ സ്റ്റോറിയിലൂടെ പറയുന്നു.

ഒരു അഡാര്‍ ലവ് എന്ന ചിത്രത്തെച്ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ അവസാനിക്കാത്ത സാഹചര്യത്തിലാണ്. പ്രിയയുടെ ഈ പ്രതികരണം. ചിത്രം പ്രദർശനത്തിന് എത്തിയതിനുശേഷം സംവിധായകൻ ഒമർ ലുലുവും നടി നൂറിൽ ഷെറിഫും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രം​ഗത്തെത്തിയിരുന്നു.

അഡാര്‍ ലവിന്റെ ചിത്രീകരണത്തിനിടയിലും പിന്നീട് നടന്ന കാര്യങ്ങളെക്കുറിച്ചുമൊക്കെയാണ് ഇരുവരും സംസാരിച്ചത്. പ്രിയ വാര്യരെക്കുറിച്ച് ചോദിച്ചപ്പോള്‍ ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു നൂറിന്‍. തനിക്ക് അത്ര അടുപ്പമില്ലെന്നും കാര്യങ്ങള്‍ അറിയില്ലെന്നുമായിരുന്നു നൂറിന്‍ പറഞ്ഞത്.

മുന്‍പ് പ്രിയ പറഞ്ഞ കാര്യങ്ങള്‍ കാണിച്ചപ്പോള്‍ വികാരധീനനാവുകയായിരുന്നു ഒമര്‍ ലുലു. പ്രിയ ആളാകെ മാറിപ്പോയെന്നും പല കാര്യങ്ങളും അറംപറ്റിയെന്നുമൊക്കെയായിരുന്നു അദ്ദേഹം പറഞ്ഞത്. ചിത്രത്തിന്റെ റിലീസിനു മുമ്പ് പ്രിയയ്ക്കും റോഷനും ലഭിച്ച പ്രശസ്തിയും അംഗീകാരങ്ങളും ആദ്യമൊക്കെ തന്നെ വിഷമിപ്പിച്ചിരുന്നുവെന്ന് നൂറിൻ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.

റോഷന്‍ തനിക്കൊപ്പം അഭിനയിക്കില്ലെന്നും അഭിമുഖങ്ങളിലൊന്നും പങ്കെടുക്കില്ലെന്നും തന്നോടു പറഞ്ഞിട്ടുള്ളതായും പ്രിയ വാര്യരുമായും ഇപ്പോള്‍ ഒരു ബന്ധവുമില്ലെന്നും ഈ അടുത്ത് നൽകിയ അഭിമുഖത്തില്‍ നൂറിൻ വ്യക്തമാക്കി.

ഇത്തരത്തിലുള്ള കാര്യങ്ങള്‍ വൈറലായി മാറുന്നതിനിടയിലാണ് പ്രിയയുടെ പ്രതികരണം എത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഒമറിന്റെയും നൂറിന്റെയും വെളിപ്പെടുത്തലുകൾ ചർച്ചയാകുന്നതിനിടയിലാണ് കിടിലൻ മുന്നറിയിപ്പുമായി പ്രിയ വാര്യർ എത്തിയത്.