‘ചന്ദ്രകളഭം ചാര്‍ത്തിയ തീര’ത്തോട് വിടപറഞ്ഞ് പി.ടി.: അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ

0

കൊച്ചി: അന്തരിച്ച പി.ടി തോമസ് എം.എൽ.എയ്ക്ക് വിട ചൊല്ലി കേരളം. പി.ടിയുടെ ആഗ്രഹപ്രകാരം രവിപുരം ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകള്‍. ആയിരക്കണക്കിന് ജനങ്ങള്‍ അദ്ദേഹത്തിന് യാത്രാമൊഴിയേകാന്‍ തൃക്കാക്കരയില്‍ എത്തിയിരുന്നു. അദ്ദേഹം ആവശ്യപ്പെട്ടിരുന്നതുപോലെ മത ചടങ്ങുകള്‍ ഒഴിവാക്കി, ‘ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം..’ എന്ന ഗാനത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു അന്ത്യയാത്ര. മുഖ്യമന്ത്രി പിണറായി വിജയൻ അന്തിമോപചാരം അർപ്പിച്ചു. തൃക്കാക്കര കമ്യൂണിറ്റി ഹാളിൽനിന്ന് രവിപുരത്തേക്ക് വിലാപയാത്രയായാണു മൃതദേഹം കൊണ്ടുപോയത്. മക്കളായ വിവേകും വിഷ്ണുവും ചേർന്ന് ചിതയ്ക്ക് തീ കൊളുത്തുകയായിരുന്നു.

കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ അചഞ്ചലമായ തന്റെ നിലപാടുകളിൽ ഊന്നിനിന്ന പ്രകൃതി സ്നേഹിക്കാണ് സംസ്ഥാനം വിടപറഞ്ഞത്. പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി. മുദ്രാവാക്യങ്ങളുമായി നൂറു കണക്കിന് കോൺഗ്രസ് പ്രവർത്തകരും സംസ്കാരച്ചടങ്ങുകളിൽ പങ്കെടുത്തു.

റീത്തുകൾ വെക്കരുത്, പൊതുദർശനത്തിനു വെക്കുമ്പോൾ ‘ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം…’ എന്ന ഗാനം പശ്ചാത്തലത്തിൽ വേണം, രവിപുരം പൊതുശ്മശാനത്തിൽ ദഹിപ്പിപ്പിക്കണം, ചിതാഭസ്മത്തിൽ ഒരുഭാഗം അമ്മയുടെ കല്ലറയിൽ സമർപ്പിക്കണം, കണ്ണുകൾ ദാനം ചെയ്യണം തുടങ്ങിയ കാര്യങ്ങൾ അദ്ദേഹം നേരത്തെ തന്നെ തന്റെ അന്ത്യാഭിലാഷമായി അറിയിച്ചിരുന്നു. ചന്ദ്രകളഭം പാട്ടിന്റെ അകമ്പടിയോടെയായിരുന്നു മൃതദേഹം ശ്മശാനത്തിലെത്തിച്ചത്.

അർബുദത്തിനു ചികിത്സയിലായിരുന്ന പി.ടി.തോമസ് ഇന്നലെ രാവിലെ 10.15നാണ് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ അന്തരിച്ചത്. രണ്ടു മാസം മുൻപാണ് രോഗം കണ്ടെത്തിയത്. പുലര്‍ച്ചെ 2.45 ഓടെ ഇടുക്കിയിലെത്തിച്ച മൃതദേഹം ഉപ്പുതോട്ടത്തിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷമായിരുന്നു എറണാകുളത്ത് എത്തിച്ചത്.