കൊളറാഡോ സൂപ്പർമാർക്കറ്റിൽ വെടിവയ്പ്: പോലീസ് ഉദ്യോഗസ്ഥനുള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു

1

ബോൾഡർ ∙ യുഎസിലെ കൊളറാഡോ സംസ്ഥാനത്തെ ബോൾഡറിലുള്ള സൂപ്പർമാർക്കറ്റിൽ തിങ്കളാഴ്ച നടന്ന വെടിവയ്പില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന കൊളറാഡോ സ്വദേശിയായ അക്രമി അഹമ്മദ് അൽ അലിവി അലിസ (21) അറസ്റ്റിലായി. ഇയാളാണോ പ്രതിയെന്ന കാര്യം അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. വെടിവയ്പിനു പിന്നിലെ കാരണങ്ങളെക്കുറിച്ച് എഫ്ബിഐ അന്വേഷിക്കുകയാണ്.

കിങ് സൂപേഴ്സ് സൂപ്പർമാർക്കറ്റിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞു 3ന് വെടിവയ്പു നടക്കുന്നതറിഞ്ഞ് ആദ്യം ഓടിയെത്തിയ എറിക് റ്റാലി (51) എന്ന പൊലീസുദ്യോഗസ്ഥനും മരിച്ചവരിൽപ്പെടുന്നു. ദുഃഖാചരണത്തിന്റെ ഭാഗമായി വൈറ്റ്ഹൗസിലെ പതാകകൾ പാതി താഴ്ത്താൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നിർദേശം നൽകി. കൊല്ലപ്പെട്ട മറ്റുള്ളവരുടെ പേരുകള്‍ പുറത്തുവിട്ടിട്ടില്ലെന്നും പോലീസ് പറഞ്ഞു.

ഒരാഴ്ചയ്ക്കിടെ യുഎസിൽ ഇത്രയേറെപ്പേർ കൊല്ലപ്പെടുന്ന രണ്ടാമത്തെ വെടിവയ്പാണിത്. കഴിഞ്ഞയാഴ്ച ജോർജിയ സംസ്ഥാനത്തു മസാജ് പാർലറുകളിലുണ്ടായ വെടിവയ്പുകളിൽ ഏഷ്യൻ വംശജരായ 6 വനിതകളുൾപ്പെടെ 8 പേർ കൊല്ലപ്പെട്ടിരുന്നു. ഇതു കൂടാതെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കലിഫോർണിയയിലും ഹൂസ്റ്റണിലും ഉൾപ്പെടെ നഗരങ്ങളിൽ ഒരു മരണമെങ്കിലും സംഭവിച്ചതോ നാലിലേറെപ്പേർക്കു പരുക്കേറ്റതോ ആയ 7 വെടിവയ്പുകളുണ്ടായെന്നു സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

യുഎസിൽ തോക്കുപയോഗിച്ചുള്ള കൂട്ടക്കുരുതികളിൽ പലതിനും വേദിയായിട്ടുള്ള സംസ്ഥാനമാണു കൊളറാഡോ. തലസ്ഥാനമായ ഡെൻവറിൽ 2012ൽ സിനിമ തിയറ്ററിൽ നടന്ന വെടിവയ്പിൽ 12 പേരാണു മരിച്ചത്. 1999 ൽ ലിറ്റിൽറ്റണിൽ ഒരു ഹൈസ്കൂളിൽ നടന്ന വെടിവയ്പിൽ 13 പേർ മരിച്ചു.