രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണമെന്ന് കെപിസിസി; സിദ്ദിഖ് പിന്മാറുമെന്ന് ഉമ്മൻ ചാണ്ടി

0

ന്യൂഡല്‍ഹി: വയനാട് സീറ്റില്‍ നിന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിച്ചേക്കും. കെ.പി.സി.സി ഈ ആവശ്യം രാഹുലിനെ അറിയിച്ചിട്ടുണ്ട്. ഹൈക്കമാന്റും, ഘടക കക്ഷികളും ഈ ആവശ്യത്തെ അനുകൂലിച്ചിട്ടുണ്ട്. രാഹുൽ മൽസരിക്കുമെങ്കിൽ പിന്മാറാൻ തയാറാണെന്ന് ടി.സിദ്ദിഖ് അറിയിച്ചു. കേരള നേതാക്കളുടെ ആവശ്യം ഇപ്പോൾ രാഹുൽ ഗാന്ധിയുടെ പരിഗണനയിലാണെന്ന് ഉമ്മൻചാണ്ടി വ്യക്തമാക്കി. രാഹുൽ ഗാന്ധിയിൽ നിന്നും അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായും ഉമ്മൻചാണ്ടി പറഞ്ഞു.

കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് കെ.പി.സി.സി തീരുമാനം എ.ഐ.സി.സിയെ അറിയിച്ചത്. രാഹുലിന്റെ തീരുമാനം ഇന്നു തന്നെയുണ്ടാകുമെന്നാണ് കരുതുന്നത്. ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തിൽനിന്നു മൽസരിക്കണമെന്ന ആലോചനയുണ്ടെന്നതു ശരിയാണ്. വയനാടും സജീവ പരിഗണനയിലാണ്. എന്നാൽ, അന്തിമ തീരുമാനമായിട്ടില്ല. രാഹുലുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. നേരത്തെ കർണാടക പിസിസി അധ്യക്ഷൻ ദിനേശ് ഗുണ്ടു റാവു നേരത്തേ കർണ്ണാടകയിൽ നിന്ന് മത്സരിക്കണം എന്നാവശ്യപ്പെട്ട് രാഹുലിന് കത്തയച്ചിരുന്നു.

ഉത്തർപ്രദേശിലെ അമേഠിക്ക് പുറമെ രണ്ടാമതൊരു സീറ്റിൽ ദക്ഷിണേന്ത്യയിലെ നിന്നും രാഹുൽ ഗാന്ധി മത്സരിക്കണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ നേരത്തെ തന്നെ ശക്തമായിരുന്നു.

കേരളം-20, തമിഴ്‌നാട്‌-39, കര്‍ണാടക-28, ആന്ധ്രാപ്രദേശ്‌-25, തെലങ്കാന-17, ഗോവ-2 പോണ്ടിച്ചേരിയും ലക്ഷദ്വീപും ഒരോന്നു വീതം എന്നിങ്ങനെ 133 സീറ്റാണ്‌ ദക്ഷിണേന്ത്യയില്‍ ആകയെുളളത്‌. കോണ്‍ഗ്രസിന്‌ തനിച്ച്‌ 60 സീറ്റും മുന്നണിയിലൂടെ 100 സീറ്റുമാണ്‌ ദക്ഷിണേന്ത്യയില്‍ നിന്നും പ്രതീക്ഷിക്കുന്നത്‌. ഇതു യാഥാര്‍ഥ്യമായാല്‍ കേന്ദ്രത്തിൽ ഭരണം ഉറപ്പിക്കാനാകുമെന്നാണ്‌ കോൺഗ്രസിന്‍റെ പ്രതീക്ഷ.

വയനാട്ടില്‍ രാഹുല്‍ മത്സരിക്കണമെന്ന ആവശ്യം മുമ്പ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ എം എല്‍ എമാരായ വി ടി ബല്‍റാമും കെ എ ഷാജിയും ആവശ്യപ്പെട്ടിരുന്നു.

നിലവില്‍ ഉത്തര്‍പ്രദേശിലെ അമേഠിയില്‍നിന്നുള്ള എം പിയാണ് രാഹുല്‍. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് രാഹുലിനെതിരെയുള്ള ബിജെപിയുടെ സ്ഥാനാർഥി.