കേരളത്തില്‍ ഏഴ് ബൂത്തുകളിൽ ഇന്ന് റീപോളിംഗ്; ധർമടത്ത് മാധ്യമങ്ങൾക്കു വിലക്ക്

0

കാസർകോട്/ കണ്ണൂർ: കള്ളവോട്ട് നടന്ന കണ്ണൂർ, കാസർകോട് മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളിൽ ഇന്ന് റീ പോളിംഗ് നടക്കും. കാസർകോട്ടെ നാലും കണ്ണൂരിലെ മൂന്നും ബൂത്തുകളിലാണ് ജനവിധി. കള്ളവോട്ട് ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നിരീക്ഷണവും പോളിംഗ് ബൂത്തുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഇന്നു രാവിലെ 7 മുതൽ വൈകിട്ട് 6 വരെ വോട്ടെടുപ്പ്.

കണ്ണൂർ ധർമടത്ത് റീപോളിങ് നടക്കുന്ന സ്കൂള്‍ വളപ്പിനുള്ളിൽ മാധ്യമങ്ങൾ‌ക്കു വിലക്കേർപ്പെടുത്തി. വോട്ടെടുപ്പ് നടക്കുന്ന കുന്നിരിക്ക യുപി സ്കൂളിൽനിന്ന് മാധ്യമപ്രവർത്തകരെ നീക്കി. വോട്ടെടുപ്പ് തുടങ്ങിയതിനാൽ മാധ്യമങ്ങളെ പ്രവേശിപ്പിക്കാനാകില്ലെന്നാണു പൊലീസ് നിലപാട്.

കാസർകോട് ലോക്സഭാ മണ്ഡലത്തിൽ കല്യാശേരിയിലെ ബൂത്ത് നമ്പർ 19, പിലാത്തറ യുപിഎസ് ബൂത്ത് നമ്പർ 69, പുതിയങ്ങാടി ജുമാഅത്ത് എച്ച് എസ് നോർത്ത് ബ്‌ളോക്ക്, ബൂത്ത് നമ്പർ 70 ജുമാഅത്ത് എച്ച് എസ് സൗത്ത് ബ്‌ളോക്ക് എന്നിവിടങ്ങളിലും തളിപ്പറമ്പ് ബൂത്ത് നമ്പർ 166, പാമ്പുരുത്തി മാപ്പിള എയുപിഎസ് എന്നിവിടങ്ങളിലുമാണ് റീപോളിംഗ് നടത്തുന്നത്.

കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിൽ മൂന്ന് ബൂത്തുകളിലാണ് റീപോളിംഗ്. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് രണ്ട് ബൂത്തുകളിലും തൃക്കരിപ്പൂരിൽ ഒരു ബൂത്തിലുമാണ് റീപോളിംഗ് നടക്കുക. ധർമ്മടത്ത് കുന്നിരിക്കയിലും വേങ്ങോട്ടുമാണ് റീ പോളിംഗ്. തൃക്കരിപ്പൂരിൽ കൂളിയാട് ജിഎച്ച്എസിൽ ആണ് ഇന്ന് റീ പോളിംഗ് നടക്കുക.

റീപോളിങ്ങിന് മുഖം മറച്ചെത്തുന്ന വോട്ടർമാരുടെ മുഖാവരണം നീക്കി പരിശോധിക്കും. ഇതിനായി ബൂത്തുകളിൽ ഓരോ ഉദ്യോഗസ്ഥയെ വീതം അധികം നിയോഗിച്ചിട്ടുണ്ട്.വോട്ടർ പട്ടികയിലെ ചിത്രവുമായി ഇവർ ഒത്തുനോക്കും. ഇതിനു ബൂത്തിൽ പ്രത്യേക മറ ഒരുക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ അറിയിച്ചു.