കണ്ണൂർ-സിംഗപ്പൂർ ‌ വിമാനസർവ്വീസ്‌, ആവശ്യം ശക്തമാവുന്നു!

1

സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളായ സിംഗപ്പൂർ, മലേഷ്യ,ബ്രുണെ, ഇൻഡോനേഷ്യ തുടങ്ങിയയിടങ്ങളിലേക്ക്‌ യാത്രക്കാരുടെ എണ്ണത്തിൽ വൻവർദ്ധന ഉണ്ടായിട്ടുപോലും കണ്ണൂരിൽ നിന്നുള്ള ഒറ്റ വിമാനം പോലും ഈ രാജ്യങ്ങളിലേക്ക് ഇത് വരെ ആരംഭിച്ചിട്ടില്ല എന്നത്‌ പ്രതിഷേധത്തിനിടയാക്കുന്നു. ആയിരക്കണക്കിന് മലയാളികൾ ജോലിചെയ്യുന്ന സിംഗപ്പൂർ പോലുള്ള രാജ്യങ്ങളിലെ മലയാളികൾ ഇന്നും കണ്ണൂർ എയർപോർട്ടിലേക്ക്‌ നേരിട്ട്‌ എത്തുന്നത്‌ സ്വപ്നം കാത്തിരിക്കുന്ന അവസ്ഥയാണ്.

കണ്ണൂർ എയർപോർട്ടിലേക്കുള്ള വിമാനം ഇന്നുവരും നാളെ വരും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്ന ധാരാളം മലയാളികൾ ഇവിടെയുണ്ട്. അവരുടെ കഷ്ടതകൾ അധികാരികൾ ഇതുവരെ പരിഗണിച്ചിട്ടില്ല.

തെക്കുകിഴക്കൻ ഏഷ്യയിലെ സിംഗപ്പൂർ, ബ്രൂണെ, മലേഷ്യ,ബർമ്മ (മ്യാൻമർ), കംബോഡിയ, തിമോർ, ഇന്തോനേഷ്യ, ലാവോസ്, ഫിലിപ്പീൻസ്, തായ്‌ലൻഡ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങൾ സാമ്പത്തികമായി ലോകത്തിലെ ഏറ്റവും ചലനാത്മകമായ മേഖലകളിൽ ഒന്നാണിത്, വർദ്ധിച്ചുവരുന്ന അന്താരാഷ്ട്ര പ്രാധാന്യത്തിന് വലിയ പങ്കുവഹിക്കുന്ന രാജ്യങ്ങൾ കൂടിയായിട്ടുപോലും കണ്ണൂരിൽ നിന്നു ഒറ്റ വിമാനം പോലും ഈ രാജ്യങ്ങളിലെക്ക്‌ പറക്കുന്നില്ല.

സൗത്ത് ഈസ്റ്റ്‌ ഏഷ്യൻ രാജ്യങ്ങൾക്ക് പുറമെ ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലുമുള്ള ധാരാളം മലയാളികൾ സിങ്കപ്പുരിൽ നിന്ന് മലബാർ ഭഗത്തേക്കുള്ള വിമാനങ്ങൾക്കായി എത്രയോ കാലമായി കാത്തിരിക്കുന്നു.

കണ്ണൂർ വിമാനത്താവളത്തിൽനിന്ന് കൂടുതൽ അന്താരാഷ്ട്ര, ആഭ്യന്തര സർവീസ് ആരംഭിക്കുമെന്ന് വിമാനക്കമ്പനികൾമുൻകാലങ്ങളിൽ ഉറപ്പുനൽകിയെങ്കിലും ഇതുവരെ അത് പാലിക്കപ്പെട്ടിട്ടില്ല.കണ്ണൂരിൽ നിന്ന് വിദേശ വിമാനക്കമ്പനികൾക്ക് സർവീസിനുള്ള അനുമതി നൽകിയിട്ടില്ല. സിവിൽ ഏവിയേഷൻ മന്ത്രാലയം ഇക്കാര്യത്തിൽ ഇപ്പോഴുള്ള തീരുമാനം പുനഃപരിശോധിച്ച് വിദേശ വിമാന കമ്പനികൾക്ക് കൂടി ഇവിടെനിന്നു പറക്കാനുള്ള അനുമതി എത്രയും പെട്ടന്ന് നൽകണം.

എയർ ഏഷ്യ ആണെങ്കിൽ ആസിയാൻ രാജ്യങ്ങളിലേക്ക് എവിടേക്കും നിയന്ത്രണങ്ങൾ ഇല്ലാതെ സർവ്വീസ് നടത്താവുന്ന വിമാനത്താവളങ്ങളുടെ പട്ടികയിൽ കണ്ണൂരിനെ ഇതുവരെ ഉൾപ്പെടുത്തിയിട്ടുമില്ല .

ആദ്യ ഘട്ടത്തിൽ സംസ്ഥാനത്ത് നിന്നുള്ള വിമാനസർവീസുകൾ വർദ്ധിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ മികച്ച ഇടപെടൽ നടത്തിയതിന്റെ ഭാഗമായി പ്രവര്‍ത്തനം
തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ പത്തു ലക്ഷത്തിലേറെ യാത്രക്കാര്‍ എന്ന മികച്ച നേട്ടവുമായി വിമാനത്താവളം ശോഭി ച്ചെങ്കിലും ഇപ്പോഴും ബാലാരിഷ്ടതകളില്‍ ഉഴലുകയാണ് കണ്ണൂര്‍ വിമാനത്താവളം.

വ്യവസായ-വാണിജ്യ-ടൂറിസം-കാര്‍ഷിക മേഖലകളിലാകെ വലിയൊരു മാറ്റത്തിന് വടക്കന്‍ കേരളത്തില്‍ തുടക്കമാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അത് എത്രത്തോളം സാധ്യമായി എന്ന കാര്യത്തില്‍ സംശയമുണ്ട്. ഇപ്പോൾ നടക്കുന്ന റെഗുലർ ഫ്ലൈറ്റിൽ കൂടിയുള്ള കാർഗോ മൂവ്മെന്റ് എന്നത് മാറ്റി സ്ഥിരമായി കാർഗോ ഫ്ലൈറ്റ്റുകൾ ആരംഭിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

കണ്ണൂർ എയർപോർട്ടിലേക്കു കൂടുതൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ വന്നുചേരുകയാണെങ്കിൽ കോഴിക്കോട്, വയനാട് കണ്ണൂർ, കാസർഗോഡ്, കർണാടകത്തിലെ കുടക് (ഗൂർഗ് ) മേഖലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ക്ക്‌ പുത്തനുണർവ് ഉണ്ടാവുകയും കേരള ടൂറിസം മേഖലയുടെ വളർച്ച അതിവേഗത്തിലാവുകയും ചെയ്യും. തിരുവനന്തപുരം പൂരം മുതൽ കാസർഗോഡ് വരെയുള്ള ജലപാതയുടെ പണികൾ അവസാന ഘട്ടത്തിലെത്തിനിൽക്കുന്ന അവസ്ഥയിൽ കണ്ണൂരിലേക്കുള്ള വിദേശ വിമാനങ്ങളുടെ വരവ് മലബാർ മേഖലയെ മറ്റൊരു ടൂറിസ്റ്റ് ഹബ് ആക്കുമെന്നതിൽ ഒരു സംശയവുമില്ല.

തെക്കുകിഴക്കാൻ മേഖലയിലെ യാത്രാ പ്രശ്നം മനസ്സിലാകണമെങ്കിൽ അവിടങ്ങളിൽ ജോലിചെയ്യുന്ന മലയാളികളുടെ എണ്ണം നോക്കിയാൽ തന്നെമതി.

ആസ്‌ട്രേലിയയിലെ വിവിധ സിറ്റികളിലായി 50000 ൽ കൂടുതൽ മലയാളികൾ വസിക്കുന്നുണ്ട്. അമ്പതിനായിരത്തിനടുത്തു പേർ സിംഗപ്പൂരിലും ന്യൂസിലണ്ടിൽ
ആയിരത്തിനടുത്തും ബ്രൂണെയിൽ രണ്ടായിരത്തിനടുത്തും മലേഷ്യയിൽ 344000 വും ബർമ്മ (മ്യാൻമർ) ഇരുപത്തിമൂവായിരവും കംബോഡിയ, തിമോർ,ഇന്തോനേഷ്യ,
ലാവോസ്, ഫിലിപ്പീൻസ് തുടങ്ങിയരാജ്യങ്ങളിൽ ഏകദേശം ഇരുപതിനായിരത്തിനടുത്തും മലയാളികൾ വസിക്കുന്നുണ്ട്.

ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും കണ്ണൂരിൽ നിന്നു സിംഗപ്പൂരിലേക്ക് ഫ്ലൈറ്റ് സർവീസ് ആരംഭിക്കുകയാണെങ്കിൽ ഇവിടങ്ങളിലുള്ള മലയാളികളായ യാത്രക്കാർക്ക് അതൊരു വലിയ ആശ്വാസമായിരിക്കും.