മതസൗഹാർദം തകരാനും, ശത്രുതയുണ്ടാവാനും സാധ്യതയെന്ന് വിലയിരുത്തൽ; കശ്മീർ ഫയൽസ് സിം​ഗപ്പൂരിൽ നിരോധിച്ചു

0

സിംഗപ്പൂര്‍ : വിവേക് ​​അഗ്നിഹോത്രി സംവിധാനം ചെയ്ത വിവാദമായ കാശ്മീർ ഫയൽസ് സിംഗപ്പൂരിൽ നിരോധിച്ചു. മതസൗഹാർദം തകരാനും ശത്രുതയുണ്ടാവാനും സാധ്യതയെന്ന വിലയിരുത്തലിലാണ് നടപടി.

സിം​ഗപ്പൂർ സാംസ്കാരിക-സാമൂഹിക-യുവജന മന്ത്രാലയും ആഭ്യന്തര മന്ത്രാലയവും ഇൻഫോകോം മീഡിയ ഡെവലപ്മെന്റ് അതോറിറ്റിയും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് നിരോധനത്തേക്കുറിച്ച് പറയുന്നത്.  സിംഗപ്പൂരിന്റെ ഫിലിം ക്ലാസിഫിക്കേഷൻ മാർഗ്ഗനിർദ്ദേശങ്ങൾക്കപ്പുറമാണ്’ സിനിമയെന്നാണ് അധികൃതർ വിലയിരുത്തിയത്

സിനിമയിൽ പ്രതിനിധാനം ചെയ്തിരിക്കുന്ന കാര്യങ്ങൾ വിവിധ സമുദായങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കാനും നമ്മുടെ ബഹുജാതി-മത സമൂഹത്തിലെ സാമൂഹിക ഐക്യവും മതസൗഹാർദ്ദവും തകർക്കാനും സാധ്യതയുണ്ടെന്ന് അവർ പറഞ്ഞു.

മാർച്ച് 11 ന് ഇന്ത്യയിൽ പുറത്തിറങ്ങിയ കാശ്മീർ ഫയൽസ്, 1990 ലെ കശ്മീർ കലാപത്തിൽ തന്റെ കശ്മീരി ഹിന്ദു മാതാപിതാക്കൾ കൊല്ലപ്പെട്ടുവെന്ന് അറിയുന്ന ഒരു യൂണിവേഴ്സിറ്റി വിദ്യാർത്ഥിയുടെ കഥയാണ് പറയുന്നത്. റിലീസ് ചെയ്തതുമുതൽ വൻ ചർച്ചകൾക്കാണ് ചിത്രം വഴിയൊരുക്കിയത്.

അനുപം ഖേർ, മിഥുൻ ചക്രബർത്തി, ദർശൻ കുമാർ, പല്ലവി ജോഷി എന്നിവരായിരുന്നു മുഖ്യവേഷങ്ങളിൽ. ബോക്സ്ഓഫീസിൽ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയ ചിത്രം ഇരുന്നൂറ് കോടിയിലേറെ കളക്ഷനും നേടിയിരുന്നു.