നടന്‍ ഋഷി കപൂറിനെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

0

മുംബൈ: മുതിര്‍ന്ന ബോളിവുഡ് നടന്‍ ഋഷി കപൂറിനെ മുംബൈയിലെ എച്ച്.എന്‍. റിലയന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസ്സത്തെത്തുടർന്നാണ് അറുപത്തിയേഴുകാരനായ ഋഷി കപൂറിനെ ആശുപത്രിയിലാക്കിയതെന്ന് അദ്ദേഹത്തിന്റെ സഹോദരനും ചലച്ചിത്ര താരവുമായ രൺധീർ കപൂർ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ഋഷി കപൂർ നേരത്തെ ഒരു വര്‍ഷത്തോളമായി അര്‍ബുദ ചികിത്സയുമായി ബന്ധപ്പെട്ട് യു.എസിലായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് യുഎസിലെ ചികിത്സ കഴിഞ്ഞ് അദ്ദേഹം ഇന്ത്യയില്‍ തിരികെ എത്തിയത്. ഫെബ്രുവരിയിൽ അണുബാധയെ തുടർന്ന് അദ്ദേഹത്തെ രണ്ടു തവണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

സമൂഹമാധ്യമത്തിൽ ഏറെ സജീവമായ ഋഷി കപൂറിന്റെ ട്വിറ്റർ അക്കൗണ്ടിൽ ഏപ്രിൽ രണ്ടു മുതൽ പുതിയ പോസ്റ്റുകൾ വവന്നിരുന്നില്ല. ‘ദ് ഇന്റേൺ’ എന്ന ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കിൽ ദീപിക പദുക്കോണിന്റെ കൂടെ അഭിനയിക്കനൊരുങ്ങുകയാണെന്ന് അദ്ദേഹം അടുത്തിടെ അറിയിച്ചിരുന്നു. നെറ്റ്ഫ്ലിക്സിൽ ‘ദ് ബോഡി’ എന്ന വെബ് സീരീസിലാണ് അദ്ദേഹം ഈയടുത്ത് അഭിനയിച്ചത്.