സംസ്ഥാനത്ത് ഇന്ന് മുതൽ മാസ്ക് നിർബന്ധം; പിടികൂടിയാൽ പിഴ 200, വീണ്ടും പിടിച്ചാൽ 5000

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ എല്ലാവരും മാസ്ക് നിർബന്ധമായി ധരിക്കണം. നിയമം ലംഘിച്ചാല്‍ ആദ്യം ഇരുന്നൂറ് രൂപയും ആവര്‍ത്തിച്ചാല്‍ അയ്യായിരം രൂപയുമാണ് പിഴ. ഇന്ത്യൻ ശിക്ഷ നിയമം 290 പ്രകാരം കേസുമെടുക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.

വീടുകളിൽ നിർമ്മിച്ച തുണികൊണ്ടുള്ള മാസ്ക്ക്,തോർത്ത്, കർച്ചീഫ് എന്നിവ ഉപയോഗിക്കാം. പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയും പകര്‍ച്ചവ്യാധി പടരുന്ന പശ്ചാത്തലത്തിലും പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും എല്ലാവരും മാസ്ക് ധരിക്കണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദ്ദേശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടപടി.

വാഹനപരിശോധനയ്ക്കൊപ്പം മാസ്ക്ക് ധരിക്കാത്തവരും കുടുങ്ങും. ഇളവുകളുള്ള മേഖലയെന്നോ റെഡ് സോണെന്നോ വ്യത്യാസമില്ല. സംസ്ഥാന പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കെല്ലാം മാസ്ക് നൽകാനുള്ള ശ്രമങ്ങൾ സർക്കാർ ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് അറിയിച്ചിരുന്നു. സംസ്ഥാനത്ത് പൊതുവിൽ ആളുകൾ മുഖം മറച്ചാണ് പുറത്തിറങ്ങുന്നത്. ടവലോ ഷാളോ ഉപയോ​ഗിച്ച് മുഖം മറച്ചാലും മതി. ബ്രേക്ക് ദ ചെയിൻ പദ്ധതിയുടെ രണ്ടാം ​​ഘട്ടം തുപ്പലേ തോറ്റു പോകും എന്ന പേരിൽ ആരംഭിക്കുകയാണെന്നും അദ്ദേഹം അറിയിച്ചിരുന്നു.