ശബരിമല യുവതീപ്രവേശ വിധി ഏഴംഗ ബെഞ്ചിന്; വിയോജിച്ച് രണ്ടു ജഡ്ജിമാർ

0

ന്യൂഡൽഹി ∙ ശബരിമല യുവതീപ്രവേശ വിധി പുനഃപരിശോധിക്കും. ഹർജികൾ വിശാല ബെഞ്ചിന്. രണ്ടു ജഡ്ജിമാർ വിയോജിച്ചു. ജഡ്ജിമാരായ ഡി.വൈ.ചന്ദ്രചൂഡൂം നരിമാനും ആണ് വിയോജിപ്പ് രേഖപ്പെടുത്തിയത്. ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ച് 2018 സെപ്റ്റംബർ 28നു നൽകിയ വിധി പുനഃപരിശോധിക്കാനാണു തീരുമാനം. ഇതോടെ യുവതീപ്രവേശത്തിനായി ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ 2006ൽ നൽകിയ ഹർജിയിൽ ആദ്യം മുതൽ വീണ്ടും വാദം കേൾക്കും.

പുതിയ ബെഞ്ച് ചീഫ് ജസ്റ്റിസ് തീരുമാനിക്കും. ശബരിമലയില്‍ പ്രായവ്യത്യാസമില്ലാതെ സ്ത്രീപ്രവേശം അനുവദിച്ച 2018 സെപ്റ്റംബര്‍ 28-ലെ വിധിക്കെതിരേ വിവിധ സംഘടനകളും വ്യക്തികളും നല്‍കിയ അമ്പത്തഞ്ചിലേറെ ഹര്‍ജികൾ പരിഗണിച്ചാണ് വിധി.

പുനപരിശോധന ഹര്‍ജികൾക്ക് ഒപ്പം സമാനമായ മറ്റ് ഹര്‍ജികളും കിട്ടിയിട്ടുണ്ട്. ശബരിമല സ്ത്രീ പ്രവേശവും മുസ്ലീം പാഴ്സി ആരാധനാലയങ്ങളിലെ സ്ത്രീ പ്രവേശവുമടക്കം എല്ലാ ഹര്‍ജികളും ഇനി വിശാല ബെഞ്ചിന്‍റെ പരിഗണനയിലായിരിക്കും.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കു പുറമേ ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാന്‍, എ.എം. ഖാന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങുന്ന അഞഞ്ചംഗബെഞ്ചാണ് വിധിപറയുക. ബെഞ്ച് ഫെബ്രുവരി ആറിന് മൂന്നരമണിക്കൂറോളം വാദം കേട്ടശേഷമാണ് വിധിപറയാന്‍ മാറ്റിയത്. സ്ത്രീപ്രവേശവിധി പറഞ്ഞ ബെഞ്ചിലെ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ചതിനാലാണ് ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പകരമെത്തിയത്.