കുറഞ്ഞ നിരക്കില്‍ കേരളത്തിലേക്ക് പറക്കാം; പരിമിതകാല ഓഫറുമായി വിമാന കമ്പനി

0

മസ്‌കറ്റ്: കുറഞ്ഞ നിരക്കില്‍ തിരുവനന്തപുരത്തേക്ക് സര്‍വീസുമായി ബജറ്റ് എയര്‍ലൈന്‍ സലാം എയര്‍. പ്രൊമോഷണല്‍ ക്യാമ്പയിന്റെ ഭാഗമായി 22 റിയാല്‍ മുതലുള്ള നിരക്കില്‍ യാത്ര ചെയ്യാനുള്ള അവസരമാണ് സലാം എയര്‍ ഒരുക്കുന്നത്.

ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസൃതമായിട്ട് ആയിരിക്കും ഓഫര്‍ ലഭിക്കുകയെന്ന് സലാം എയര്‍ അധികൃതര്‍ അറിയിച്ചു. പരിമിത കാലത്തേക്ക് മാത്രമാണ് ഓഫര്‍ നിലവിലുള്ളത്. 20 കിലോയുടെ ബാഗേജും അനുവദിക്കും. നിലവില്‍ മസ്‌കറ്റ്-കേരള സെക്ടറില്‍ തിരുവനന്തപുരത്തേക്ക് മാത്രമാണ് സലാം എയര്‍ സര്‍വീസ് നടത്തുന്നുള്ളൂ.

അതേസമയം ദുബൈ, ഷാര്‍ജ സെക്ടറില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ കോഴിക്കോട്ടേക്ക് യാത്ര ചെയ്യാന്‍ അവസരമൊരുക്കി എയര്‍ ഇന്ത്യ. വണ്‍വേയ്ക്ക് 300 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. ഒക്ടോബര്‍ 15 വരെ ടിക്കറ്റ് എടുക്കുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ഈ ടിക്കറ്റ് ഉപയോഗിച്ച് ഡിസംബര്‍ ഏഴു വരെ യാത്ര ചെയ്യാനാകും. സൗജന്യ ബാഗേജ് അലവന്‍സും പ്രഖ്യാപിച്ചിട്ടുണ്ട്.

35 കിലോ ലഗേജാണ് അനുവദിക്കുക. വിദ്യാർത്ഥികൾക്കും മുതിർന്ന പൗരന്മാർക്കുമുള്ള ഇളവുകൾ എയർ ഇന്ത്യ വെട്ടിക്കുറച്ചിട്ടുണ്ട്. ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള എയർ ഇന്ത്യ ഇളവുകൾ 50 ശതമാനത്തിൽ നിന്ന് 25 ശതമാനമായാണ് വെട്ടിക്കുറച്ചത്. അടിസ്ഥാന നിരക്കുകളിലെ പുതുക്കിയ ഇളവ് സെപ്റ്റംബർ 29 മുതൽ പ്രാബല്യത്തിൽ വന്നു.