സൗദി എണ്ണ ഉത്പാദനം പകുതിയായി കുറച്ചു; ഇന്ത്യയില്‍ പെട്രോള്‍ വില ഉയർന്നേക്കും

0

ലോകത്തെ പ്രധാന എണ്ണ വിതരണ കേന്ദ്രമായ അരാംകോക്ക് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ എണ്ണ ഉത്പാദനം പകുതിയായി കുറച്ച് സൗദി അറേബ്യ. 5.7 ദശലക്ഷം ബാരലായാണ് ഉത്പാദനം കുറച്ചതെന്ന് സൗദി ഊര്‍ജ മന്ത്രി അറിയിച്ചു. എണ്ണ വില അഞ്ചു മുതല്‍ പത്ത് ഡോളര്‍ വരെ വര്‍ധിച്ചേക്കാനും സാധ്യതയെന്ന് വിലയിരുത്തല്‍. ഇതേത്തുടര്‍ന്ന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പെട്രോള്‍, ഡീസല്‍ വില കുത്തനെ ഉയരുമെന്നാണ് നിഗമനം.

കഴിഞ്ഞ ദിവസമാണ് സൗദി അരാംകോയുടെ പ്ലാന്റുകള്‍ക്ക് നേരെ യമനിലെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണമുണ്ടായത്. അബ്ഖൈഖിലെ എണ്ണ പ്ലാന്റിലും ഖുറൈസ് എണ്ണപ്പാടത്തുമാണ് ഡ്രോണുകള്‍ പതിച്ചത്. ആക്രമണത്തെ തുടര്‍ന്ന് രണ്ട് പ്ലാന്റുകളില്‍ തീപിടുത്തമുണ്ടായിരുന്നു. ലോകത്തെ ഏറ്റവും വലിയ എണ്ണ സംസ്കരണ പ്ലാന്റായ അബ്ഖൈഖില്‍ ഒരു ‌ഡ്രോണാണ് പതിച്ചത്. ദമ്മാമിനടുത്ത ദഹ്റാനില്‍ നിന്നും 60 കി.മീ അകലെയാണിത്. ഖുറൈസിലെ എണ്ണപ്പാടത്തേക്കായിരുന്നു രണ്ടാമത്തെ ഡ്രോണ്‍. രണ്ടിടങ്ങളിലും വന്‍ തീ പിടുത്തമുണ്ടായെങ്കിലും ആളപായമില്ല. ചരിത്രത്തിലാദ്യമായി ഓഹരികള്‍ വില്‍ക്കാനുള്ള ശ്രമത്തിലാണ് അരാംകോ. കഴിഞ്ഞ മാസവും ഹൂതികള്‍ അരാംകോക്ക് നേരെ ആക്രമണ ശ്രമം നടത്തിയിരുന്നു.

പത്ത് ഡ്രോണുകളാണ് അരാംകോ പ്ലാന്റിന് നേരെ അയച്ചതെന്ന് യമനിലെ ഹൂതികള്‍ അവകാശപ്പെട്ടു. അവകാശ വാദം സൗദി അറേബ്യ സ്ഥിരീകരിച്ചിട്ടില്ല. ഇതേസമയം, ഹൂതികള്‍ക്ക് മാത്രമായി ഇങ്ങനെയൊരാക്രമണം നടത്താനാകില്ല എന്ന വിലയിരുത്തലുണ്ട്. നേരത്തെയുള്ള ആക്രമണങ്ങളില്‍ ഇറാന്‍ നിര്‍മിത ആയുധങ്ങള്‍ ഹൂതികള്‍ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു.