മലേഷ്യയിൽ മലയാളി യുവതിയെ പീഡിപ്പിക്കാൻ ശ്രമം; കോഴിക്കോട് സ്വദേശി ഒളിവിൽ

0

ദുബായ് /ക്വലാലംപൂർ: മലേഷ്യയിൽ മലയാളി യുവതിക്കുനേരെ പീഡനശ്രമം.ബിസിനസ്സ് ആവശ്യാർത്ഥം ദുബായിൽ നിന്ന് മലേഷ്യയിലെത്തിയ കോഴിക്കോട് സ്വദേശിനിയായ 26 കാരിയെ സുഹൃത്ത് ചതിയിലൂടെ പീഡിപ്പിക്കാൻ ശ്രമിച്ചതായി യുവതി യുവാവിനെതിരെ ക്വലാലംപൂർ ചൗകിത് പൊലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തു.

നാലു വർഷമായി ദുബായിൽ ബിസിനസുകാരിയാണ് യുവതി. ഓൺലൈനിൽ വാച്ച് വിൽപന നടത്തുന്ന കുടുംബസുഹൃത്തു കൂടിയായ കോഴിക്കോട് കൊയിലാണ്ടി അവരങ്ങകത്ത് സ്വദേശിയായ 27കാരൻ ബിസിനസ് പാർട്ണർഷിപ്പിനായി യുവതിയിൽ നിന്ന് 10 ലക്ഷം രൂപയും കൈപ്പറ്റിയിരുന്നു. തുടർന്ന് മലേഷ്യയിൽ ബിസിനസ് ആരംഭിക്കാമെന്ന് പറഞ്ഞാണ് അവധിക്ക് നാട്ടിലുണ്ടായിരുന്ന ദുബായിലെ അറിയപ്പെടുന്ന മോഡൽ കൂടിയായ യുവതിയെ ഇയാൾ രണ്ടാഴ്ച മുൻപ് സന്ദർശക വീസയിൽ മലേഷ്യയിൽ എത്തിച്ചത്.

മലേഷ്യയിൽ എത്തിയ ശേഷം വളരെ നല്ലരീതിയിൽ പെരുമാറിയ ഇയാൾക്കൊപ്പം തുടർച്ചയായി രാത്രികളിൽ ഭക്ഷണം കഴിച്ച ശേഷം യുവതിക്ക് രക്തസ്രാവമുണ്ടാവുകയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തു. ഇതേ തുടർന്ന് യുവതി ആശുപത്രിയിൽ പരിശോധന നടത്തി. ലൈംഗികാസക്തി വർധിപ്പിക്കുന്നതിനുള്ള വിവിധ തരം മരുന്നുകൾ അമിത ഡോസിൽ ശരീരത്തിൽ പ്രവേശിച്ചതിനാൽ ഹോർമോണുകളെ സാരമായി ബാധിച്ചതായി ഡോക്ടർമാർ പറഞ്ഞു.

തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് യുവാവിന്റെ ചതി വ്യക്തമാകുന്നത്. ഇയാൾ യുവതിയറിയാതെ ജ്യൂസിൽ മരുന്ന് കലർത്തി നൽകുകയായിരുന്നു. യുവാവിന്റെ ബാഗിൽ നിന്ന് ഇത്തരം മരുന്നുകളുടെ കുപ്പികളും പായ്ക്കറ്റുകളും പരിശോധനയിൽ കണ്ടെത്തി. ഇതോടെ ഇതിന്റെ ഗൗരവം മനസിലാക്കിയ ആശുപത്രി അധികൃതർ തന്നെയാണ് പൊലീസിൽ വിവരം അറിയിച്ചത്. തുടർ പരിശോധനയിൽ യുവാവിന്റെ മുറിയിൽ നിന്നു യുവതിക്ക് നൽകിയതെന്ന് സംശയിക്കുന്ന മരുന്നിന്റെ സാംപിൾ ലഭിച്ചിട്ടുണ്ട്

യുവതി ആശുപത്രിയിൽ ചികിത്സ തേടിയതറിഞ്ഞതോടെ യുവാവ് ഇന്തൊനീഷ്യ വഴി മലേഷ്യയിൽ നിന്ന് മുങ്ങി. നാട്ടിൽ എത്തിയ ഇയാൾ ഒളിവിലാണ്. യുവതിയുടെ ബന്ധുക്കൾ കോഴിക്കോട് സിറ്റി പൊലീസിൽ പരാതി നൽകി.യുവതിക്ക് സംഭവിച്ച പീഡനശ്രമത്തെക്കുറിച്ച് മലേഷ്യയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറെ അറിയിച്ചിട്ടുണ്ട്. യുവതിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടശേഷം സുരക്ഷിതമായി നാട്ടിലെത്തിക്കാൻ നടപടികൾ പുരോഗമിക്കുന്നതായി മലേഷ്യൻ മലയാളി അസോസിയേഷൻ ജനറൽ സെക്രട്ടറി ബാദുഷ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.