ശ്രീറാമിനെ സ്വകാര്യ ആശുപത്രിയിൽനിന്നും മെഡിക്കല്‍ കോളജിലെ പൊലീസ് സെല്ലിലേക്കു മാറ്റി

0

തിരുവനന്തപുരം:മദ്യലഹരിയിൽ അമിതവേഗതയിൽ ഓടിച്ച കാറിടിച്ച് മാദ്ധ്യമപ്രവർത്തകൻ കെ.എം.ബഷീർ കൊല്ലപ്പെട്ട കേസിൽ പ്രതിയായ യുവ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് മാറ്റാൻ ജില്ലാ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് ഉത്തരവിട്ടു. എന്നാൽ ശ്രീറാമിനെ ജയിലിലേക്ക് അയക്കാനുള്ള മജിസ്ട്രേറ്റിന്റെ ഉത്തരവിനെ ചികിൽസാ പഴുതുകളുടെ പേരിൽ മറികടന്നുകൊണ്ട് ജയിലിൽ കിടത്താതെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പൊലീസ് സെല്ലിലേക്ക് മാറ്റി.

ഇതിനിടെ, ശ്രീറാം തിരുവനന്തപുരം സിജെഎം കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. തിങ്കളാഴ്ച കോടതി പരിഗണിക്കും. ജാമ്യം തേടി ശ്രീറാം ഇന്ന് സി. ജെ. എം. കോടതിയെ സമീപിക്കും. വൈകിട്ട് സ്വകാര്യ ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്ത ശ്രീറാമിനെ പൊലീസ് മജിസ്ട്രേറ്റിന്‍റെ വീട്ടില്‍ ഹാജരാക്കിയിരുന്നു. ജയിലിലേക്കു മാറ്റാന്‍ വഞ്ചിയൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഉത്തരവിട്ടു.

ശ്രീറാമിനു സ്വകാര്യ ആശുപത്രിവാസം വേണ്ടെന്നു മജിസ്ട്രേറ്റ് നിരീക്ഷിച്ചു. ആംബുലന്‍സില്‍ കയറിയാണു മജിസ്‌ട്രേറ്റ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. ചികിൽസ ആവശ്യമെങ്കില്‍ ജയില്‍ ഡോക്ടര്‍ക്ക് ആശുപത്രിവാസം തീരുമാനിക്കാമെന്നു നിര്‍ദേശിച്ചിരുന്നു. പൂജപ്പുര ജയില്‍ സൂപ്രണ്ടിന് മുന്നില്‍ ഹാജരാക്കിയ ശേഷമാണ് ആശുപത്രിയിലേക്കു മാറ്റിയത്.

കോടതി റിമാൻഡ് ചെയ്ത ശേഷം തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ശ്രീറാം. മുഖത്ത് മാസ്‌ക് ധരിപ്പിച്ച് സ്‌ട്രെച്ചറിൽ കിടത്തി ആധുനിക സൗകര്യങ്ങളുള്ള ആംബുലൻസിൽ കയറ്റിയാണ് ശ്രീറാമിനെ ആശുപത്രിയിൽ നിന്ന് മാറ്റിയത്. പൂജപ്പുര ജില്ലാജയിലിൽ എത്തിച്ച ശ്രീറാമിനെ സെൻട്രൽ ജയിലിലെ മെഡിക്കൽ ഓഫീസർ ഡോ.രാജേഷ് കുമാർ എത്തി ആംബുലൻസിൽ കയറി പരിശോധിച്ചു.

അമിത രക്തസമ്മർദ്ദവും കൈയിലും തലയിലും ചെറിയ പരിക്കുകളുമുള്ളതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ മെഡിക്കൽ ഓഫീസർ നിർദ്ദേശിച്ചു. തുടർന്ന് ജില്ലാ ജയിൽ അധികൃതരുടെ കത്തോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ വൈദ്യസഹായം ആവശ്യമുള്ള പ്രതികളെ പാർപ്പിക്കുന്ന ജയിൽ സെല്ലിലായിരിക്കും ശ്രീറാമിനെ കിടത്തുക.

വൈകിട്ടാണ് ശ്രീറാമിനെ മാറ്റുന്നതിന് ആശുപത്രി അധികൃതർക്ക് പൊലീസ് നോട്ടീസ് നൽകിയത്. മെഡിക്കൽ റിപ്പോർട്ട് തയ്യാറാക്കിയ ശേഷം ആറ് മണിയോടെ ജില്ലാ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് എസ്.ആർ അമലിന്റെ വഞ്ചിയൂരിലെ വീട്ടിലേക്ക് ആംബുലൻസിൽ ശ്രീറാമിനെ എത്തിക്കുകയായിരുന്നു. സസ്പെൻഷൻ ഉത്തരവ് തിങ്കളാഴ്ച പുറത്തിറക്കുമെന്നാണു സൂചന. ഐഎഎസ് ഉദ്യോഗസ്ഥനെ സംരക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ ഡിജിപി ലോക്നാഥ് ബെഹ്റ പ്രതികരിച്ചില്ല.

റിമാന്‍ഡ് പ്രതി നേരത്തേ പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള ആശുപത്രിയില്‍ സുഖവാസത്തിലാണെന്നു വിമർശനമുയർന്നിരുന്നു. ടിവിയും ഫോണും ഇന്റർനെറ്റും ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെയാണു ശ്രീറാം കഴിഞ്ഞത്. മുഴുവൻ സമയവും വാട്സാപ്പിൽ ലൈവിൽ ഉണ്ടായിരുന്നു. പുറത്ത് പൊലീസ് കാവലുണ്ടെങ്കിലും യുവഡോക്ടർമാർ നിരന്തരം മുറിയിൽ കയറി ഇറങ്ങി. പരുക്കിന്റെ അവസ്ഥ എന്താണെന്നു പുറത്തുവിടാൻ പൊലീസും ആശുപത്രിയും തയാറായില്ല. ശ്രീറാം നിരന്തരം ഫോണിൽ സംസാരിക്കുന്ന വിവരവും പുറത്തുവന്നു. കേസ് അട്ടിമറിക്കാന്‍ ശ്രമമുണ്ടാകുമെന്ന ആശങ്ക കെ.എം.ബഷീറിന്റെ കുടുംബവും അറിയിച്ചു. ആശുപത്രിക്കു മുന്നില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിഷേധിച്ചു. ഇതോടെയാണു ശ്രീറാമിനെ മെഡിക്കല്‍ കോളജിലേക്കു മാറ്റാൻ നടപടി തുടങ്ങിയത്.