പി ആര്‍ ശ്രീജേഷിന് രണ്ടുകോടി: പ്രഖ്യാപനവുമായി സംസ്ഥാനസര്‍ക്കാര്‍

0

ഹോക്കി താരവും ഒളിംബിയനുമായ പി ആര്‍ ശ്രീജേഷിന് രണ്ട് കോടി രൂപ പാരിതോഷികം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. കായിക മന്ത്രി വി അബ്ദുറഹ്മാനാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. ശ്രീജേഷിന് വിദ്യാഭ്യാസ വകുപ്പില്‍ ജോയിന്റ് ഡയറക്ടറായി ഉദ്യോഗക്കയറ്റം നല്‍കാനും തീരുമാനിച്ചു. നിലവില്‍ ഡെപ്യൂട്ടി ഡയറക്ടറാണ് ശ്രീജേഷ്.

ശ്രീജേഷിന് പുറമെ ഒളിമ്പിക്സിൽ പങ്കെടുത്ത മറ്റ് മലയാളി താരങ്ങള്‍ക്ക അഞ്ച് ലക്ഷം രൂപ വീതം പാരിതോഷികവും നല്‍കുമെന്നും മന്ത്രി അറിയിച്ചു. നേരത്തെ പി.ആര്‍ ശ്രീജേഷിന് പാരിതോഷികം ഒന്നും തന്നെ പ്രഖ്യാപിക്കാത്തതിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ഇതെല്ലാം തന്നെ കാര്യമറിയാതെയുള്ള വിമർശനങ്ങൾ ആയിരുന്നുവെന്നും മന്ത്രിസഭ യോഗമാണ് തീരുമാനം എടുക്കേണ്ടതെന്നും മെഡൽ നേടിയതിന് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ഉചിതമായ തീരുമാനം എടുത്തതായും മന്ത്രി വി അബ്ദുറഹ്മാന്‍ പറഞ്ഞു. കായിക രംഗത്ത് വിപുലമായ നയം കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി.

ഇതിന് മുമ്പ് വി.പി.എസ് ഹെൽത്ത്കെയർ ചെയർമാനും മാനേജിങ്​ ഡയറക്ടറുമായ ഡോ. ഷംഷീർ വയലില്‍ ഒളിമ്പ്യന്‍ പി.ആര്‍ ശ്രീജേഷിന് ഒരുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.​ ചരിത്ര മെഡൽ നേട്ടത്തിന് ശേഷം ശ്രീജേഷിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത ക്യാഷ് പ്രൈസായാരുന്നു​ ഡോ. ഷംഷീർ പ്രഖ്യാപിച്ചത്​.