കൊവിഡ് വാക്‌സിന്‍ 94 ശതമാനം ഫലപ്രദം’ പ്രഖ്യാപനവുമായി അമേരിക്കന്‍ കമ്പനി മോഡേണ

0

വാഷിങ്ടണ്‍: അമേരിക്കന്‍ ബയോടെക്നോളജി കമ്പനിയായ മൊഡേണയുടെ പരീക്ഷണാത്മക കോവിഡ് 19 പ്രതിരോധ വാക്സിന്‍ 94.5 ശതമാനം ഫലപ്രദമെന്ന് റിപ്പോര്‍ട്ട്. മൊഡേണ തന്നെയാണ് തിങ്കളാഴ്ച ഇക്കാര്യം പ്രഖ്യാപിച്ചത്. മൂന്നാംഘട്ട പഠനത്തിന്റെ ഇടക്കാല അവലോകനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വാക്‌സിന് കോവിഡ് പ്രതിരോധത്തിന് കഴിയുമെന്ന് മൊഡേണ അവകാശപ്പെട്ടിരിക്കുന്നത്.

30,000 ആളുകളെ പങ്കെടുപ്പിച്ചാണ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ക്ലിനിക്കല്‍ ട്രയല്‍ നടത്തിയത്. നേരത്തെ അമേരിക്കന്‍ കമ്പനി തന്നെയായ ഫൈസറും ജര്‍മന്‍ കമ്പനിയായ ബയോഎന്‍ടെക്കും തങ്ങള്‍ ചേര്‍ന്ന് നിര്‍മിച്ച വാക്‌സില്‍ 90 ശതമാനം ഫലപ്രദമാണെന്ന് പ്രഖ്യാപിച്ചിരുന്നു.

പുതിയ സാങ്കേതിക വിദ്യയാണ് ഇരുകമ്പനികളും വാക്‌സിനായി ഉപയോഗിച്ചിട്ടുള്ളത്. ഇതില്‍ മനുഷ്യ നിര്‍മിതമായ മെസെഞ്ചര്‍ ആര്‍എന്‍എകളെ ഉപയോഗിച്ച് മനുഷ്യ കോശങ്ങളെ വാക്‌സിന്‍ നിര്‍മിക്കുന്ന ഫാക്ടറികളാക്കുകയാണ് ചെയ്യുന്നത്.

അടുത്ത ആഴ്ചകളില്‍ തന്നെ വാക്‌സിന്‍ റെഗുലേഷനായി അമേരിക്കയില്‍ നടപടി ക്രമങ്ങള്‍ ആരംഭിക്കുമെന്ന് മോഡേണ അറിയിച്ചത്. അമേരിക്കയില്‍ 20 മില്ല്യണ്‍ വാക്‌സിന്‍ ഡോസുകള്‍ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

‘മൂന്നാംഘട്ട പഠനത്തില്‍ നിന്നുളള പോസിറ്റീവായ ഈ ഇടക്കാല വിശകലനം ഞങ്ങളുടെ വാക്‌സിന് ഗുരുതര കേസുള്‍പ്പടെയളള കോവിഡ് 19 പ്രതിരോധിക്കാന്‍ കഴിയുമെന്ന ആദ്യ ക്ലിനിക്കല്‍ സാധൂകരണമാണ് നല്‍കിയിരിക്കുന്നത്.’ മോഡേണയുടെ സി.ഇ.ഒ. സ്റ്റീഫന്‍ ബന്‍സെല്‍ പറഞ്ഞു.

അടുത്ത വര്‍ഷത്തോടെ ലോകമെമ്പാടും ഒരു ബില്യണ്‍ ഡോസുകള്‍ വരെ ലഭ്യമാക്കാനാവുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. ചില രാജ്യങ്ങളില്‍ വാക്‌സിന്‍ എത്തിക്കാനുള്ള അനുമതി കമ്പനി തേടുന്നുണ്ട്. യു.കെ സര്‍ക്കാര്‍ മോഡേണയുമായി ചര്‍ച്ച നടത്തി വരുന്നുണ്ട്. അതേസമയം വാക്‌സിന്റെ പ്രതിരോധ ശേഷി എത്ര കാലം നിലനില്‍ക്കുമെന്നതറിയാന്‍ വളണ്ടിയര്‍മാരെ ഇനിയും നിരീക്ഷിക്കേണ്ടതുണ്ട്. ഇതു സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.