ഇതെന്റെ എൻ​ഗേജ്മെന്റ് റിങ്; വിവാഹനിശ്ചയം കഴിഞ്ഞുവെന്ന സൂചന നൽകി നയൻതാര

0

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും സംവിധായകൻ വിഘ്നേഷ് ശിവനും ആരാധകരുടെ ഇഷ്ടജോഡികളാണ്. ഇരുവരുടെയും വിവാഹത്തെക്കുറിച്ചുള്ള വാർത്തകളും അഭ്യൂഹങ്ങളും പല തവണ നവമാധ്യമങ്ങളിൽ ചർച്ച വിഷയമാവാറുണ്ട്. താരജോഡികളുടെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്നും അടുത്തിടെ വാർത്തകൾ വന്നിരുന്നു. ഇക്കാര്യം ശരിവച്ചുകൊണ്ടുള്ള നയൻതാരയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്.

ദിവ്യദർശിനി അവതാരകയായെത്തുന്ന ഷോയിലാണ് താരത്തിന്റെ തുറന്ന് പറച്ചിൽ. മോതിരവിരലിനെക്കുറിച്ചുള്ള ചോദ്യത്തിന് പൊട്ടിച്ചിരിച്ചു കൊണ്ട് ‘ ഇത് എൻഗേജ്മെന്റ് റിങ്’ എന്ന് നയൻതാര മറുപടി നൽകുന്നുണ്ട്. ഷോയുടെ പ്രമോ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ‌‌‌‌‌‌‌വിഘ്നേഷിൽ എന്താണ് ഏറ്റവുമധികം ഇഷ്ടമെന്ന ചോദ്യത്തിന് എല്ലാം ഇഷ്ടമാണെന്ന് നയൻതാര പറയുന്നു. ഇഷ്ടപ്പെടാത്ത കാര്യങ്ങളും തുറന്ന് പറയാമെന്നും താരം പറയുന്നുണ്ട്.

ഏറെ വർഷങ്ങളായി പ്രണയത്തിലാണെങ്കിലും വിവാഹക്കാര്യം ഇവർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന വാർത്ത അടുത്തിടെ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ, ഇക്കാര്യം ശരിവച്ചുകൊണ്ടുള്ള നയൻതാരയുടെ ഒരു വീഡിയോ വൈറലാവുകയാണ്.

ഏതാനും മാസങ്ങൾക്കു മുൻപ് നയൻതാരയ്ക്ക് ഒപ്പമുള്ള ഒരു ചിത്രം വിഘ്നേഷ് ശിവൻ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരുന്നു. ചിത്രവും കുറിച്ച വാക്കുകളും ആരാധകർ ഏറ്റെടുത്തു.
‘വിരലോട് ഉയിർ കൂട കോർത്ത്’ (ജീവിതവുമായി കൂട്ടിയോജിപ്പിക്കുന്ന വിരലുകൾ) എന്നായിരുന്നു ചിത്രത്തിന് വിഘ്നേഷ് നൽകിയ ക്യാപ്ഷൻ. ഇതിനെ തുടർന്ന് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞുവെന്ന രീതിയിൽ അഭ്യൂഹം പരന്നിരുന്നു. ഇപ്പോൾ നയൻതാര തന്നെ വാർത്ത സ്ഥിരീകരിക്കുകയാണ്.

ഏതാനും ദിവസങ്ങൾക്കു മുൻപ് ഇൻസ്റ്റഗ്രാമിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനിടയിലും വിഘ്നേഷ് വിവാഹത്തെ കുറിച്ച് സംസാരിച്ചിരുന്നു. എന്താണ് നയൻതാര മാഡത്തെ വിവാഹം ചെയ്യാത്തത്? ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു എന്നായിരുന്നു ആരാധകന്റെ ചോദ്യം.