സുഡാനി ഫ്രം നൈജീരിയ’ സംവിധായകൻ സക്കറിയ മുഹമ്മദിന് അരവിന്ദൻ പുരസ്ക്കാരം

1

കൊച്ചി: ‘സുഡാനി ഫ്രം നൈജീരിയ’യുടെ സംവിധായകൻ സക്കറിയ മുഹമ്മദിന് കേരളം ചലച്ചിത്ര അക്കാദമിയുടെ അരവിന്ദൻ പുരസ്ക്കാരം. 2018ലെ ഏറ്റവും മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌ക്കാരമാണ് സക്കറിയയ്ക്ക് ലഭിച്ചത്.

മനുഷ്യത്വത്തിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്ന വളരെ ആഗോള പ്രാധാന്യമുള്ള ഒരു വിഷയത്തെ ഒരു ചെറിയ ക്യാൻവാസിൽ അവതരിപ്പിക്കുന്നതിലും, മനുഷ്യർ പരസ്പരം അകന്നു കൊണ്ടിരിക്കുന്ന ഒരു അവസരത്തിൽ സ്നേഹത്തിന്റെ സന്ദേശം പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിലും സംവിധായകൻ വിജയിച്ചുവെന്ന് ജൂറി അംഗങ്ങൾ പറഞ്ഞു.

സിനിമയുടെ പ്രമേയം അവതരിപ്പിക്കുന്നതിലും, ചിത്രീകരിക്കുന്നതിലും ആവിഷ്കരിക്കുന്നതിലും സക്കറിയ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചുവെന്നും ജൂറിഅംഗങ്ങൾ പരാമർശിച്ചു.സംവിധായകനായ ശ്യാമപ്രസാദ്‌, കൃഷ്ണനുണ്ണി, ബൈജു ചന്ദ്രൻ, വി.കെ. നാരായണൻ എന്നിവരാണ് ജൂറി അംഗങ്ങൾ.

സൗബിൻ ഷാഹിർ, സാമുവേൽ എബിയോള റോബിൻസണുമാണ് ‘സുഡാനി’യിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ഫുട്ബോൾ ടീമിന്റെ മാനേജരായ സൗബിന്റെ കഥാപാത്രം കളിയിൽ പങ്കെടുപ്പിക്കാനായി നൈജീരിയകാരനായ കളിക്കാരനെ കേരളത്തിലേക്ക് ക്ഷണിക്കുന്നതും, കളിയിൽ പരിക്കേറ്റ ഫുട്ബോൾ കളിക്കാരൻ തന്റെ വിശ്രമവേളയിൽ ഗ്രാമവുമായും അവിടുത്തെ ജനങ്ങളുമായും അടുപ്പത്തിലാകുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

സംവിധായകനും, സംഗീതജ്ഞനും, കാർട്ടൂണിസ്റ്റുമായ ജി. അരവിന്ദന്റെ പേരിലുള്ള പുരസ്കാരമാണ് ചലച്ചിത്ര അക്കാഡമി നൽകുന്ന ജി. അരവിന്ദൻ പുരസ്കാരം. 25 ചിത്രങ്ങളാണ് ഇത്തവണ പുരസ്‌ക്കാരത്തിന് വേണ്ടി മത്സരിച്ചത്. 25,000 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം