ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ: കേസ് പരിഗണനയ്ക്ക് വരുന്നത് 33-ാം തവണ

0

ഡൽഹി: അഞ്ച് മാസത്തെ ഇടവേളയ്ക്കുശേഷം ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ. ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സിബിഐ ഹര്‍ജിയും, വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള ഹര്‍ജിയുമാണ് കോടതിയിലുള്ളത്. ഇത് മുപ്പത്തിമൂന്നാമതാം തവണയാണ് കേസ് കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്.

ഇരുപത്തിയൊന്നാമത്തെ കേസായി ലിസ്റ്റ് ചെയ്തിട്ടുള്ള ഹര്‍ജികള്‍ ജസ്റ്റിസുമാരായ എം ആര്‍ ഷാ, മലയാളിയായ സി ടി രവികുമാര്‍ എന്നിവരുടെ ബെഞ്ചാണ് പരിഗണിക്കേണ്ടത്. എന്നാല്‍ അസുഖബാധിതനായതിനാല്‍ ഇന്ന് കേസ് പരിഗണിക്കരുതെന്ന് ഊര്‍ജ വകുപ്പ് മുന്‍ ജോയിന്‍റ് സെക്രട്ടറി എ ഫ്രാന്‍സിസിന്‍റെ അഭിഭാഷകന്‍ സുപ്രീംകോടതി റജിസ്ട്രാര്‍ക്ക് കത്തുനല്‍കിയിട്ടുണ്ട്. കേസ് മൂന്നാഴ്ചത്തേക്ക് മാറ്റിവയ്ക്കണമെന്നാണ് ആവശ്യം. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സിബിഐയ്ക്ക് വേണ്ടി ഹാജരായേക്കും.

പിണറായി വിജയൻ ഉൾപ്പെടെയുള്ള മൂന്ന് പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സിബിഐ സുപ്രീം കോടതിയെ സമീപിക്കുന്നത്. കേസിൽ 2018 ജനുവരി 11ന് സുപ്രീം കോടതി നോട്ടീസ് അയച്ചു. പിന്നീട് നാല് വർഷത്തിനിടെ മുപ്പത്തിരണ്ട് തവണയാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റി വച്ചത്. ഹര്‍ജി നിരന്തരം മാറി പോകുന്നെന്ന് കക്ഷി ചേർന്ന ടി.പി.നന്ദകുമാറിന്റെ അഭിഭാഷക എം കെ അശ്വതി ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് ഇനി മാറ്റരുതെന്ന പുതിയ നിര്‍ദേശം കോടതി പുറപ്പെടുവിച്ചിരുന്നു. പക്ഷേ പിന്നീടും കേസ് മാറ്റി വച്ചു.