ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് ഏപ്രില്‍ ആറിലേക്ക് മാറ്റി

0

ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രിംകോടതി ഏപ്രില്‍ ആറിലേക്ക് മാറ്റി. എസ്.എൻ.സി ലാവലിൻ കേസിൽ പിണറായി വിജയനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിന് എതിരെ സിബിഐ നൽകിയ ഹർജി ഇന്ന് പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്ന് സിബിഐ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. സിബിഐയുടെ ആവശ്യം പരിഗണിച്ച കോടതി കേസ് ഏപ്രില്‍ ആറിലേക്ക് മാറ്റിവെച്ചിരിക്കുന്നത്. ഇത് 27ാം തവണയാണ് ഹർജി പരിഗണിക്കുന്നത് നീട്ടിവയ്ക്കുന്നത്.

സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ അഭാവമാണ് കേസ് നീട്ടിവെക്കാൻ കാരണം. മാർച്ച് മാസത്തിലെ ഏതെങ്കിലും തീയതിയാണ് ചോദിച്ചതെങ്കിലും ആ സമയത്ത് മറ്റൊരു പ്രധാനപ്പെട്ട കേസുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. സിബിഐയ്ക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ ഇന്ന് കോടതിയില്‍ ഹാജരായിരുന്നില്ല. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആണ് ഇന്ന് ഹാജരായത്. അടുത്ത ആഴ്ച മുഴുവന്‍ സമയവുവും കേസ് കേള്‍ക്കുന്ന തരത്തില്‍ ഏതെങ്കിലും ഒരു ദിവസത്തേക്ക് മാറ്റണമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആദ്യം കോടതി ഇത് നിരസിച്ചു.

ഇതോടെ അവസാന കേസായി പരിഗണിക്കാന്‍ തയാറാണെന്ന് കോടതി അറിയിച്ചു. എന്നാല്‍ തിരക്കുകളുള്ളതിനാല്‍ ഇക്കാര്യം സാധിക്കുമോയെന്നതില്‍ സംശയമുണ്ടെന്ന് സിബിഐ അറിയിച്ചു. അതിനാല്‍ കേസ് മാറ്റിവയ്ക്കണമെന്നും സിബി ഐ കോടതിയില്‍ പറഞ്ഞു. ഇതോടെ ഏപ്രില്‍ ആറിന് കേസ് പരിഗണിക്കുന്നതിന് കോടതി തീരുമാനമെടുക്കുകയായിരുന്നു.

കഴിഞ്ഞ രണ്ട് തവണ കേസ് പരിഗണിച്ചപ്പോഴും കേസിന് വേണ്ട രേഖകള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും കേസ് പരിഗണിക്കുന്നത് മാറ്റി വയ്ക്കണമെന്നും ആയിരുന്നു സിബിഐയുടെ ആവശ്യം. ഹൈക്കോടതി ഉള്‍പ്പെടെ രണ്ട് കോടതികള്‍ തള്ളിയ കേസ് ആയതിനാല്‍ ശക്തമായ തെളിവുകള്‍ ഉണ്ടെങ്കിലെ കേസില്‍ തുടര്‍വാദം സാധ്യമാകൂ എന്ന് സുപ്രിംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് സുപ്രീം കോടതിയിൽ നിന്ന് കേസിൽ എന്തെങ്കിലും തീരുമാനം വരാനുള്ള സാധ്യതയും മങ്ങി.

ജസ്റ്റിസ് യുയു ലളിതിന്‍റെ നേതൃത്വത്തിൽ ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, കെഎം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസിൽ വാദം കേൾക്കൽ തുടങ്ങുന്ന കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. വാദത്തിന് തയ്യാറെന്ന സൂചനയാണ് സിബിഐ കേന്ദ്രങ്ങൾ ഇന്നലെ നൽകിയത്.