നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങളുടെ പകർപ്പ് വേണമെന്ന ദിലീപിന്‍റെ ഹർജിയിൽ നാളെ വിധി

0

നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡും ദൃശ്യങ്ങളും ആവശ്യപ്പെട്ടുള്ള നടന്‍ ദിലീപിന്റെ ഹര്‍ജിയില്‍ നാളെ സുപ്രിംകോടതി വിധി പറയും. ദൃശ്യങ്ങൾ കേസിലെ രേഖയാണെന്നും അത് കാണുവാൻ തനിക്ക് അവകാശമുണ്ടെന്നുമാണ് ദിലീപിന്‍റെ വാദം. മെമ്മറി കാര്‍ഡ് നല്‍കുന്നത് വീണ്ടും തന്നോടുള്ള അനീതിയാകും എന്നാണ് ഇരയായ നടി കോടതിയില്‍ സ്വീകരിച്ച നിലപാട്.

നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് തൊണ്ടിമുതലാണെങ്കിലും അതിനുള്ളിലെ ദൃശ്യങ്ങള്‍ രേഖയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇരയുടെ സ്വകാര്യതയെ ബാധിക്കുന്നതാണ് ദൃശ്യങ്ങള്‍. ഇരയുടെ സ്വകാര്യതയെയും സുരക്ഷയെയും കണക്കിലെടുത്ത് ദൃശ്യങ്ങള്‍ ദിലീപിന് കൈമാറരുതെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.

മെമ്മറി കാര്‍ഡ് കേസിന്റെ രേഖയാണെന്നും പ്രതിയെന്ന നിലയില്‍ അതിന്റെ പകര്‍പ്പ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് നടന്‍ ദിലീപ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇക്കാര്യം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.

ദൃശ്യങ്ങൾ തന്റെ പക്കലും തന്റെ അഭിഭാഷകന്റെ പക്കലും സുരക്ഷിതമായിരിക്കുമെന്നും ദിലീപ് കോടതിയെ അറിയിച്ചിരുന്നു. അതേസമയം, മെമ്മറി കാർഡിന്‍റെ പകർപ്പ് ദിലീപിന് നൽകരുതെന്ന് ആവശ്യപ്പെട്ട് ആക്രമണത്തിന് ഇരയായ നടി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. മെമ്മറി കാർഡ് ദിലീപിന് നൽകുന്നത് തന്റെ സ്വകാര്യതക്ക് ഭീഷണിയുണ്ടാക്കുമെന്നും നടി സുപ്രീംകോടതിയിൽ നൽകിയ അപേക്ഷയിൽ പറയുന്നത്. നടി നല്‍കിയ അപേക്ഷയും സുപ്രീം കോടതി നാളെ തിര്‍പ്പാക്കും