മഞ്ജു വാര്യരുടെ പരാതിയില്‍ വി.എ.ശ്രീകുമാറിന്റെ വീട്ടിലും ഓഫീസിലും റെയ്‌ഡ്‌

0

നടി മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ വീട്ടിലും ഓഫീസിലും പൊലീസ് റെയ്ഡ് നടത്തി. പാലക്കാട്ടെ വീട്ടിലും ഓഫീസിലുമാണ് പൊലീസ് റെയ്ഡ് നടത്തിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. താന്‍ ഒപ്പിട്ട ബ്ലാങ്ക് ചെക്കുകളും മഞ്ജു വാര്യര്‍ ഫൗണ്ടേഷന്റെ ലെറ്റര്‍ ഹെഡും ശ്രീകുമാര്‍ മേനോന്റെ പക്കലുണ്ടെന്നായിരുന്നു മഞ്ജു പരാതിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ റെയ്ഡില്‍ രേഖകള്‍ ഒന്നും കണ്ടെത്താനായില്ല.

ശ്രീകുമാറിനെ അടുത്ത ഞായറാഴ്ച പൊലീസ് ചോദ്യം ചെയ്യും. ശ്രീകുമാര്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ഭയപ്പെടുന്നതായി ചൂണ്ടിക്കാട്ടിയാണ് മഞ്ജു ഡിജിപിക്ക് പരാതി നല്‍കിയത്. തൃശ്ശൂര്‍ ഈസ്റ്റ് പോലീസാണ് പരാതിയില്‍ കേസെടുത്തിരിക്കുന്നത്. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിക്കാണ് അന്വേഷണച്ചുമതല.

പരാതിയുടെ അടിസ്ഥാനത്തില്‍ മഞ്ജു വാര്യരുടെ രഹസ്യമൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തി. എന്നാല്‍ മഞ്ജുവിന്റെ ആരോപണങ്ങള്‍ക്കെതിരേ ശ്രീകുമാര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു. മഞ്ജുവിനെതിരേ രൂക്ഷവിമര്‍ശനങ്ങളാണ് ശ്രീകുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.