യാത്രക്കാരെ മര്‍ദ്ദിച്ച് ഇറക്കിവിട്ടെന്ന് സമ്മതിച്ച് കല്ലട; ജീവനക്കാര്‍ക്കെതിരേ കേസ്

2

കൊച്ചി: തിരുവനന്തപുരത്തു നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസില്‍നിന്ന് മൂന്ന് യാത്രക്കാരെ മര്‍ദിച്ച് ഇറക്കിവിട്ടെന്ന പരാതിയില്‍ ബസ് ജീവനക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തു.സുരേഷ് കല്ലട’ ബസ് ജീവനക്കാരായ മൂന്നു പേര്‍ക്കെതിരേയാണ് മരട് പോലീസ് കേസെടുത്തത്. ജീവനക്കാര്‍ യാത്രക്കാരെ ആക്രമിച്ചെന്നു സമ്മതിച്ച് കല്ലട ട്രാവല്‍സ്. വൈറ്റിലയില്‍ വച്ചുണ്ടായ ആക്രമണത്തില്‍ അധികൃതർ ഖേദപ്രകടനം നടത്തി.

ബസില്‍ ഉണ്ടായിരുന്ന ജേക്കബ് ഫിലിപ്പ് എന്ന യാത്രക്കാരന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങളിലൂടെയാണ് യുവാക്കള്‍ക്കു നേരെ നടന്ന അതിക്രമം പുറത്തറിയുന്നത്. ശനിയാഴ്ച അര്‍ധരാത്രിയിലായിരുന്നു സംഭവം.

സംഭവമറിഞ്ഞെത്തിയ മരട് പോലീസ് മൂവരെയും വൈറ്റില പരിസരത്തു നിന്ന് കണ്ടെത്തുകയായിരുന്നു. പാലക്കാട് സ്വദേശി മുഹമ്മദ് അഷ്‌കര്‍, സുല്‍ത്താന്‍ ബത്തേരി സ്വദേശി സച്ചിന്‍, തിരുവനന്തപുരം സ്വദേശി അജയ് ഘോഷ് എന്നിവരെയാണ് ജീവനക്കാര്‍ മര്‍ദിച്ച് ബസില്‍നിന്ന് ഇറക്കിവിട്ടത്.

അന്തർസംസ്ഥാന സർവീസ് നടത്തുന്ന സുരേഷ് കല്ലട ബസ് കമ്പനിയുടെ രണ്ടു ജീവനക്കാരെ തിങ്കളാഴ്ച കൊച്ചിയിൽ അറസ്റ്റ് ചെയ്തിരുന്നു. യാത്രക്കാരെ ബസിൽ മർദിച്ച കേസിൽ കമ്പനിയുടമ സുരേഷ് കുമാറിനെ വിളിച്ചുവരുത്തി താക്കീതു ചെയ്യാനും സംസ്ഥാന പൊലീസ് മേധാവി നിർദേശിച്ചു. ബസ് കൊച്ചി മരട് പൊലീസ് പിടിച്ചെടുത്തു. കേസിൽ കൂടുതൽ പേർ പ്രതികളാകുമെന്നു പൊലീസ് അറിയിച്ചു.