‘ഐ ഫോൺ മാത്രമല്ല, പല സമ്മാനങ്ങളും ശിവശങ്കറിന് നൽകിയിട്ടുണ്ട്; സ്വപ്‌ന സുരേഷ്

0

തിരുവനന്തപുരം: എം ശിവശങ്കര്‍ ഐഎഎസിനെതിരെ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. എൻഐഎ അന്വേഷണത്തിലേക്ക് എത്തിയത് ശിവശങ്കറിന്റെ ബുദ്ധിയായിരുന്നുവെന്നും, തൻ്റെ ജീവിതത്തിൻ്റെ സുപ്രധാന ഭാഗമായ ആളാണ് ശിവശങ്കറെന്നും സ്വപ്‌ന പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസില്‍ ഒളിവിൽ പോകാൻ നിർദേശിച്ചവരിൽ ശിവശങ്കറും ഉള്‍പ്പെടുന്നുവെന്ന് സ്വപ്ന സുരേഷ്. ശിവശങ്കറിന് ഐ ഫോണ്‍ നല്‍കിയത് കോണ്‍സുല്‍ ജനറല്‍ പറഞ്ഞിട്ടാണ്. നിരവധി സമ്മാനങ്ങള്‍ അദ്ദേഹത്തിന് നല്‍കിയിട്ടുണ്ടെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. ലൈഫ് മിഷനില്‍ സഹായിച്ചതിനാണ് സമ്മാനങ്ങള്‍ നല്‍കിയതെന്നും സ്വപ്ന പറഞ്ഞു. അപൂര്‍ണമായ പുസ്തകം എഴുതി ജനങ്ങളെ വഞ്ചിക്കരുതെന്നും സ്വപ്ന കൂട്ടിച്ചേര്‍ത്തു.

മുൻകൂർ ജാമ്യാപേക്ഷ നൽകാൻ നിർദേശിച്ചവരിലും ശിവശങ്കർ ഉണ്ട്. സന്ദീപും ജയശങ്കറുമാണ് അതിര്‍ത്തി കടക്കാന്‍ സഹായിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കോൺസുലേറ്റിൽനിന്നു രാജിവച്ചശേഷം ജോലി വേണമെന്നു ശിവശങ്കറിനോടു പറഞ്ഞു. 3 ഓപ്ഷൻ ഉണ്ടെന്നും സ്പേസ് പാർക്കാണ് അതിൽ നല്ലതെന്നും അദ്ദേഹം പറഞ്ഞു. കൺസൽറ്റൻസികളെ ഏർപ്പാടാക്കിയതും ശിവശങ്കറാണ്. കെഎസ്ഐടിഐഎല്ലിന്റെ ചുമതലയുള്ള ജയശങ്കർ, സ്പേസ് പാർക്ക് ചീഫ് സ്പെഷൽ ഓഫിസർ സന്തോഷ് എന്നിവരെ കാണാനും നിർദേശിച്ചു. അങ്ങനെ ജോലിക്കു കയറി. ഇന്റർവ്യൂവൊന്നും ഉണ്ടായിരുന്നില്ല. എന്റെ സർട്ടിഫിക്കറ്റുകളുടെ കാര്യങ്ങളും ശിവശങ്കറിന് അറിയാമായിരുന്നു’’– സ്വപ്ന സുരേഷ് വെളിപ്പെടുത്തി.

താനൊരു പുസ്തകം എഴുതുകയാണെങ്കിൽ ശിവശങ്കറിനെക്കുറിച്ച് പലതും എഴുതേണ്ടിവരും. അതിൽ ഒരുപാട് രഹസ്യങ്ങളുണ്ടാകും. എന്നാൽ, ആരെയും ചെളിവാരിയെറിയാനില്ലെന്നും സ്വ പ്ന പറഞ്ഞു. മുഖ്യമന്ത്രിയുടെ ആദ്യ ദുബായ് യാത്രയ്ക്കു മുന്നോടിയായി ചില പാഴ്‌സലുകൾ അയയ്ക്കുന്നതുമായി ബന്ധപ്പെട്ടാണ് ശിവശങ്കറിനെ ആദ്യം വിളിച്ചത്. പിന്നീട് അദ്ദേഹവുമായി അടുത്തബന്ധം പുലർത്തി. കുടുംബത്തിലെ ഒരാളെപ്പോലെയായിരുന്നു അദ്ദേഹം.

പരിചയപ്പെട്ടതിന് ശേഷം ജയിലിലാവുന്നത് വരെയുള്ള ശിവശങ്കറിൻ്റെ പിറന്നാളുകൾ എൻ്റെ വീട്ടിലാണ് ആഘോഷിച്ചിരുന്നത്. നിരവധി സമ്മാനങ്ങൾ കൊടുത്തിട്ടുണ്ട്. ഈയൊരു ഐഫോണിനെക്കുറിച്ച് മാത്രം എടുത്ത് പറയുന്നതിൻ്റെ സെൻസ് മനസിലാവുന്നില്ല. അതുകൊണ്ടാണ് പ്രതികരിച്ചത് എന്നും സ്വപ്‍ന കൂട്ടിച്ചേർത്തു.

യൂണിടാക്കിന്റെ നിര്‍ദേശം അനുസരിച്ചാണ് മൊബൈല്‍ഫോണ്‍ നല്‍കിയത്. ശിവശങ്കര്‍ ഇനി ഒരു പെണ്‍കുട്ടിയോടും ഇങ്ങനെ ചെയ്യരുതെന്നും അവര്‍ പറഞ്ഞു. യൂണിടാക്കില്‍ നടന്ന എല്ലാ ക്രമക്കേടുകളും ശിവശങ്കറിന് അറിയാമായിരുന്നു. കഴിഞ്ഞ ദിവസം ശിവശങ്കറിന്റെ അനുഭവ കഥ പുസ്തകമായി ഇറങ്ങാൻ പോകുന്നു എന്ന വാർത്ത വന്നിരുന്നു. ഇതിലെ പരാമർശങ്ങൾക്ക് മറുപടി എന്ന രീതിയിലായിരുന്നു സ്വപ്നയുടെ പ്രതികരണം.