ഇസ്ലാമിക് സ്‌റ്റേറ്റ് നേതാവിനെ വധിച്ചു; സ്ഥിരീകരിച്ച് ജോ ബൈഡൻ

1

വാഷിങ്ടൻ∙ ഭീകരസംഘടനായ ഇസ്‍ലാമിക് സ്റ്റേറ്റിന്റെ തലവൻ അബു ഇബ്രാഹിം അൽ ഹഷിമി അൽ ഖുറേഷി കൊല്ലപ്പെട്ടെന്നു യുഎസ്. സിറിയയിൽ നടത്തിയ സൈനിക നീക്കത്തിനിടെയാണ് ഐഎസ് തലവനെ വധിച്ചതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ട്വിറ്ററിൽ വെളിപ്പെടുത്തി.

പ്രസിഡന്റ് ജോ ബൈഡൻ തന്നെയാണ് ഇസ്ലാമിക് സ്‌റ്റേറ്റ് നേതാവിന്റെ മരണ വാർത്ത സ്ഥിരീകരിച്ച് വാർത്താ കുറിപ്പ് ഇറക്കിയത്. അമേരിക്കൻ പ്രസിഡന്റിന്റെ പ്രസ്താവന ഇങ്ങനെ : ‘ കഴിഞ്ഞ ദിവസം രാത്രി എന്റെ നിർദേശ പ്രകാരം യുഎസ് സൈന്യം വടക്ക് പടിഞ്ഞാറൻ സിറിയയിൽ ഭീകരവിരുദ്ധ ഓപറേഷൻ നടത്തി. അമേരിക്കൻ പൗരന്മാരെയും ഞങ്ങളുടെ സഖ്യ കക്ഷികളെയും സംരക്ഷിക്കാനായിരുന്നു അത്. സൈന്യത്തിന്റെ ധീരതയ്ക്കും നൈപുണ്യത്തിനും നന്ദി, ഞങ്ങൾ ഐഎസ്‌ഐഎസ് നേതാവ് അബു ഇബ്രാഹിം അൽ ഹാഷിമി അൽ ഖുറൈഷിയെ വധിച്ചു. എല്ലാ അമേരിക്കൻ പൗരന്മാരും ദൗത്യം പൂർത്തിയാക്കി സുരക്ഷിതരായി മടങ്ങി’.

ആറു കുട്ടികളും നാല് സ്ത്രീകളുമടക്കം 13 പേർ കൊല്ലപ്പെട്ടതായാണു പ്രാഥമിക വിവരം. 2019 ഒക്ടോബർ 31നാണ് അബു ഇബ്രാഹിം അൽ ഹഷിമി അൽ ഖുറേഷി ഭീകരസംഘടനയുടെ തലപ്പത്തെത്തിയത്. ഐഎസ് തലവനായിരുന്ന അബൂബക്കർ അൽ ബഗ്ദാദിയെ യുഎസ് വധിച്ചതിനു പിന്നാലെയായിരുന്നു നീക്കം. ഖുറൈഷിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 മില്യൺ ഡോളറാണ് അമേരിക്ക വാഗ്ദാനം ചെയ്തിരുന്നത്.

ഇറാഖിൽ ജനിച്ച ഖുറൈഷി മൊസൂൾ സർവകലാശാലയിൽ നിന്ന് ഷരിയ നിയമത്തിൽ ബിരുദം നേടിയിട്ടുണ്ട്. ഇറാഖിൽ സൈനികനായി ജോലി ചെയ്തിരുന്നു. സദ്ദാം ഹുസൈന്റെ മരണത്തോടെ ഖുറൈഷി അൽ ഖൈ്വദയിൽ ചേർന്നു. 2004 ൽ ഖുറൈഷി അമേരിക്കൻ സേനയുടെ പിടിയിലായി. അമേരിക്കയുടെ ബുക്ക ക്യാമ്പിൽ വച്ചാണ് ഖുറൈഷി ബാഗ്ദാദിയെ കാണുന്നത്. 2008 ൽ തടവിലിരിക്കെ അമേരിക്കൻ സൈന്യത്തിന് ഖുറൈഷി നിരവധി സുപ്രധാന വിവരങ്ങൾ കൈമാറിയിട്ടുണ്ട്.

ജയിൽ വാസത്തിന് ശേഷം പുറത്തിറങ്ങിയ ഖുറൈഷി വീണ്ടും അൽഖൈ്വയ്ദയിൽ ചേർന്ന് പ്രവർത്തിച്ചു. 2014 ലാണ് ഖുറൈഷി അൽ ഖൈ്വയ്ദ വിട്ട് ഇസ്ലാമിക് സ്റ്റേറ്റിൽ ചേരുന്നത്. 2014 ൽ ഐഎസ് മൊസൂൾ പിടിച്ചടുക്കുമ്പോൾ ദൗത്യത്തിൽ സുപ്രധാന പങ്കുവഹിച്ചത് ഖുറൈഷിയായിരുന്നു. യസീദികളെ കൂട്ടത്തോടെ കൊന്നൊടുക്കിയ സിഞ്ചാർ കൂട്ടക്കുരുതിക്ക് പിന്നിൽ ഖുറൈഷിയായിരുന്നു.