സ്വപ്ന മികച്ച ഉദ്യോഗസ്ഥ; യുഎഇ കോണ്‍സുലേറ്റിന്റെ ഗുഡ്സര്‍ട്ടിഫിക്കറ്റ്

0

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിന് യുഎഇ കോണ്‍സുലേറ്റിന്റെ ഗുഡ്സര്‍ട്ടിഫിക്കറ്റ്. സ്വപ്ന മികച്ച ഉദ്യോഗസ്ഥയും സ്വപ്നക്ക് മികച്ച തൊഴില്‍ പരിചയവും ഉണ്ടെന്ന് കോണ്‍സുല്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ പറയുന്നു. ഐടി വകുപ്പില്‍ ജോലി നേടാന്‍ സ്വപ്ന ആ സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കിയത്.

ഇവിടെ ജോലി ചെയ്ത കാലത്തോളം സ്വപ്ന വളരെ മികച്ച ഉദ്യോഗസഥയാണെന്നും സ്വപ്നയുടെ അഡിമിനിസ്ട്രേറ്റീവ്, എച്ച്ആർ മാനേജ്മെന്റ് മികവിൽ കോൺസുലേറ്റ് വളരെയധികം സന്തുഷ്ടരാണെന്നും കോൺസുലേറ്റിന്റെ പ്രവർത്തനങ്ങൾക്ക് ഇതു വളരെയധികം പ്രയോജനം ചെയ്തിട്ടുണ്ടെന്നും ഈ സർട്ടിഫിക്കറ്റ് പ്രവർത്തന മികവായി അംഗീകരിക്കാം എന്നുമാണ് പറയുന്നത്.

സ്വപ്നയെ സാമ്പത്തിക തിരിമറികള്‍ക്ക് പുറത്താക്കി എന്നായിരുന്നു കോണ്‍സുലേറ്റിന്റെ ഭാഗത്ത് നിന്നുള്ള അനൗദ്യോഗിക വിശദീകരണം. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന രേഖകള്‍ വ്യക്തമാക്കുന്നത് യു.എ.ഇ. കോണ്‍സുലേറ്റ് അന്നു നല്‍കിയ ഗുഡ് സര്‍ട്ടിഫിക്കേറ്റ്‌ ഉപയോഗിച്ചാണ് സ്വപ്‌ന സര്‍ക്കാര്‍ തലത്തില്‍ ജോലിയിലേക്ക് എത്തിയത് എന്നാണ്‌. മികച്ച ഉദ്യോഗസ്ഥയാണ് സ്വപ്‌ന സുരേഷ് എന്നാണ് കോണ്‍സുലേറ്റ് നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ പറയുന്നത്.

സ്വപ്‌ന നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ക്കൊപ്പം അവരുടെ വിദ്യാഭ്യാസ യോഗ്യതകള്‍ കൂടി തെളിയിക്കുന്ന രേഖകളുണ്ട്. മഹാരാഷ്ട്രയിലെ ഡോ.ബാലാസാഹേബ് അംബേദ്കര്‍ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബി.കോം ബിരുദം നേടിയതിന്റെ സര്‍ട്ടിഫിക്കറ്റാണ് ഇതിനൊപ്പം വെച്ചിരിക്കുന്നത്. ഒമ്പതുവര്‍ഷം ഇന്നൊവേറ്റീവ് സ്ട്രാറ്റജിസ്റ്റായി പ്രവര്‍ത്തിപരിചയം ഉണ്ടെന്നും ഈ ബയോഡേറ്റ പറയുന്നു.

2018ൽ ബെസ്റ്റ് എംപ്ലോയി അവാർഡിനും സ്വപ്നയെ തിരഞ്ഞെടുത്തിരുന്നു. എന്നാൽ വഴിവിട്ട ബന്ധങ്ങൾ ആരോപിച്ച് എംബസിയുടെ നിർദേശ പ്രകാരമാണ് സ്വപ്നയെയും സരിത്തിനെയും ഒരു ഡ്രൈവറെയും കോൺസുലേറ്റ് പുറത്താക്കിയത്. ഇത്തരത്തിൽ പുറത്താക്കപ്പെട്ട ഒരാൾക്ക് ഗുഡ് സർട്ടിഫിക്കറ്റ് കിട്ടാനായി ഉന്നതതലത്തിൽ തന്നെ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നാണു സൂചന.

സ്വപ്ന യുഎഇ കോൺസുലേറ്റിൽനിന്നു പുറത്തായ വിവരം തലസ്ഥാനത്തെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും അറിയുന്നത് സ്വർണക്കടത്ത് പുറത്തിവന്നതിനുശേഷമാണെന്നാണ് വിവരം. എല്ലാ ഇടപാടുകളിലും നയതന്ത്ര ഉദ്യോഗസ്ഥ എന്ന ബന്ധമാണ് സ്വപ്ന ഉപയോഗപ്പെടുത്തിയത്.

2019 ഓഗസ്റ്റ് 31ാം തീയതിയാണ് സ്വപ്ന യുഎഇ കോൺസുലേറ്റിലെ എക്സക്യൂട്ടിവ് സെക്രട്ടറി എന്ന പോസ്റ്റിൽനിന്നു മാറിയത്. അതിനുശേഷം 2019 സെപ്റ്റംബർ മൂന്നിന് കോൺസുലേറ്റിലെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥൻ സ്വപ്നയ്ക്കു മികച്ച ഉദ്യോഗസ്ഥ എന്ന് രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് നൽകി.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതി സ്വപ്ന സുരേഷിന്‍റെ സുഹൃത്ത് സന്ദീപിന്‍റെ ഭാര്യ തിരുവനന്തപുരത്ത് കസ്റ്റംസ് കസ്റ്റഡിയിലാണ്. സന്ദീപിനും ഭാര്യയ്ക്കും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നാണ് സംശയം. സന്ദീപ് ഒളിവിലാണ്. ഇവരുടെ സ്ഥാപനം സ്വപ്നയുടെ സാന്നിധ്യത്തില്‍ സ്പീക്കര്‍ ഉദ്ഘാടനം ചെയ്തിരുന്നു