ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ ലഗേജ് നിയമം

0

ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ ലഗേജ് നിയമം. നിശ്ചിത ആകൃതിയില്ലാത്ത ബാഗുകള്‍, വലിപ്പം കൂടിയ ലഗേജുകള്‍, ഉരുണ്ട ആകൃതിയിലുള്ള ബാഗുകള്‍ തുടങ്ങിയ ലഗേജ് അനുവദിക്കില്ലെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

വിമാനത്താവളത്തിലെ ലഗേജ് ഹാന്റ്‌ലിങ് സംവിധാനത്തില്‍ ഇവ കൈകാര്യം ചെയ്യാനാവാത്തത് കൊണ്ടാണ് പുതിയ നിബന്ധനകള്‍. കഴിഞ്ഞ വര്‍ഷം മുതല്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലും സമാനമായ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുത്തിയിരുന്നു.

വലിയ സ്ട്രാപ്പുകളുള്ള ബാഗുകളും കയറുകൊണ്ട് കെട്ടിയ പെട്ടികളും വിമാനത്താവളം വഴി കൊണ്ടുപോകാനാവില്ല. രണ്ട് പെട്ടികളോ ബാഗുകളോ പരസ്പരം ചേര്‍ത്തുവെന്ന് ടേപ്പ് കൊണ്ട് ബന്ധിപ്പിക്കരുത്. പ്രത്യേക ആകൃതിയില്ലാതെ തയ്യാറാക്കില ലഗേജുകളും തടയും. പുതിയ ബാഗേജ് നിബന്ധനകളെക്കുറിച്ച് ഇപ്പോള്‍ തന്നെ വിമാനത്താവളത്തില്‍ ബോധവത്കരണം തുടങ്ങി. യാത്രക്കാരുടെയും വിമാനത്താവളത്തിലെ സംവിധാനങ്ങളുടെ വിലപ്പെട്ട സമയം പാഴാകുന്നത് തടയാനാണ് പുതിയ പരിഷ്‌കാരങ്ങളെന്ന് ഷാര്‍ജ എയര്‍പോര്‍ട്ട് അതോരിറ്റി ചെയര്‍മാന്‍ അലി സലീം അല്‍ മിദ്ഫ പറഞ്ഞു.

അതേസമയം മാനദണ്ഡങ്ങള്‍ പാലിക്കാത്ത ലഗേജുകളുമായി വിമാനത്താവളത്തിലെത്തുന്നവര്‍ ഇത് മാറ്റി പാക്ക് ചെയ്യേണ്ടിവരും. ഇതിനായി അംഗീകൃത ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 20 ദിര്‍ഹമാണ് റീ പാക്കിങ് ഫീസ് നല്‍കേണ്ടത്. 90 സെ.മി നീളവും 75 സെ.മി ഉയരവും 60 സെ.മി വീതിയുമാണ് പരമാവധി വലിപ്പം നിശ്ചയിച്ചിരിക്കുന്നത്.