ബാങ്ക് മാനേജരായ യുവതിയെ ഭർത്തൃഗൃഹത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

0

കൊല്ലം;ബാങ്ക് മാനേജരായ യുവതിയെ ഭർത്തൃഗൃഹത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.ഉമയനല്ലൂർ പേരയം വൃന്ദാവനത്തിൽ വി.എസ്.ഗോപുവിന്റെ ഭാര്യ എസ്.എസ്.ശ്രീജ(32)യാണ് മരിച്ചത്. കൊല്ലം ആനന്ദവല്ലീശ്വരം എസ്.ബി.ഐ.യിൽ ഡെപ്യൂട്ടി മാനേജരായിരുന്നു. തിരുവനന്തപുരം പൂജപ്പുര തമലം കൃഷ്ണഭവനിൽ ആർ.ശ്രീകണ്ഠന്റെയും സരസ്വതിയുടെയും മകളാണ്. ഭർത്താവ് ഗോപു ഏഴുമണിയോടെ പാൽ വാങ്ങാൻ പുറത്തു പോയിരുന്നതായാണ് പോലീസിനു നൽകിയ മൊഴി. മടങ്ങിയെത്തിയപ്പോഴാണ് വർക്ക് ഏരിയയിൽ തൂങ്ങിനിൽക്കുന്നനിലയിൽ കണ്ടത്.

തിങ്കളാഴ്ച ആർ.ഡി.ഒ.യുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ സ്രവപരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. മൂന്നുമാസംമുൻപ്‌ കോവിഡ് ബാധിച്ചെങ്കിലും ചികിത്സയ്ക്കുശേഷം കോവിഡ് മുക്തയായിരുന്നു. ചൊവ്വാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. വൈകീട്ട് അഞ്ചിന് തിരുവനന്തപുരം ശാന്തികവാടത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്കാരം നടത്തി.