ആ സീന്‍ വന്നപ്പോള്‍ പ്രേക്ഷകര്‍ എഴുന്നേറ്റ് നിന്ന് കൈയടിച്ചു; ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ അച്ഛന്‍ തേങ്ങിക്കരയുകയാണ്; നടന്‍ തിലകന്‍ കടന്നുപോയ ആത്മസംഘര്‍ഷത്തിന്റെ അനുഭവങ്ങള്‍ പങ്കുവെച്ച് മകള്‍

0

സിനിമയില്‍ നിന്നും നടന്‍ തിലകനെ വിലക്കിയ സമയത്ത് അദ്ദേഹം കടന്നുപോയ സംഘര്‍ഷങ്ങളെ കുറിച്ചു വിവരിച്ചു കൊണ്ട് നടന്‍ തിലകന്റെ മകള്‍ സോണിയ. അമ്മയില്‍ നിന്നും അപ്രഖ്യാപിത വിലക്ക് നേരിട്ട സമയത്ത് അദ്ദേഹം  അനുഭവിച്ച മാനസികസംഘർഷങ്ങളും മനോവിഷമവും  താന്‍ അരികില്‍ നിന്നും കണ്ടിട്ടുണ്ട് എന്ന് മകള്‍ പറയുന്നു.

ഇന്ത്യന്‍ റുപ്പിയില്‍ അച്ഛനെ അഭിനയിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ വലിയ എതിര്‍പ്പാണ് നേരിടേണ്ടി വന്നത്. ഇന്ത്യന്‍ റുപ്പി കാണാന്‍ അച്ഛനൊപ്പം തീയേറ്ററില്‍ പോയിരുന്നു. ഇരുനൂറിനടുത്ത് ചിത്രങ്ങളില്‍ വേഷമിട്ട അദ്ദേഹത്തിന്റെ മുഖത്തു നോക്കിയാല്‍ ആദ്യചിത്രത്തിനു പോകുന്ന സന്തോഷമായിരുന്നു ഉണ്ടായിരുന്നത്. ആരും തിരിച്ചറിയാതിരിക്കാന്‍ തലയില്‍ ടവലിട്ടാണ് തീയേറ്ററില്‍ ചെന്നത്.

ഇത്രയും കാലം എവിടെയായിരുന്നുവെന്ന് പൃഥ്വിരാജ് ചോദിക്കുന്ന ഒരു സീന്‍ സിനിമയിലുണ്ട്. അതില്‍ അച്ഛന്റെ മറുപടി ഒരു പൊട്ടിച്ചിരിയായിരുന്നു. അതു കണ്ടപ്പോള്‍ പ്രേക്ഷകര്‍ എഴുന്നേറ്റ് നിന്ന് കൈയടിച്ചു. ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ അച്ഛന്‍ തേങ്ങിക്കരയുകയാണ്. ‘സോണിയ പറഞ്ഞു. അന്ന് തിലകന്‍ അനുഭവിച്ച ആത്മസംഘര്‍ഷത്തിന്റെ പാപഭാരമാണ് ആ സംഘടനയെ ഇ്ത്രയും വലിയ പതനത്തിലെത്തിച്ചിരിക്കുന്നതെന്നും സോണിയ പറഞ്ഞു.

അച്ഛന് ഞങ്ങളേക്കാൾ വാത്സല്യമുള്ള വ്യക്തിയായിരുന്നു മോഹൻലാൽ. സ്വന്തം മക്കളേക്കാൾ കൂടുതൽ അദ്ദേഹം മോനേ എന്ന് വിളിച്ചിട്ടുള്ളത് മോഹൻലാലിനെയാണ്. ഈ പ്രശ്നങ്ങളൊക്കെ നടന്നതിന് ശേഷവും ഇരുവരും തമ്മിലുള്ള വ്യക്തിബന്ധത്തിന് കോട്ടംതട്ടിയെന്ന് എനിക്ക് തോന്നുന്നില്ല എന്നും സോണിയ പറയുന്നു.