രാജ്യാന്തര നേട്ടവുമായി ടൊവിനോ

0

അഭിനയ മികവിനുള്ള രാജ്യാന്തര പുരസ്‍കാരത്തിന് അര്‍ഹനായി ടൊവിനോ തോമസ്. നെതര്‍ലന്‍ഡ്‍സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്സില്‍ മികച്ച ഏഷ്യന്‍ നടനുള്ള പുരസ്കാരമാണ് ടൊവിനോയെ തേടിയെത്തിയത്. കേരളത്തിന്‍റെ പ്രളയം പശ്ചാത്തലമാക്കി ജൂഡ് ആന്തണി ഒരുക്കിയ ‘2018’ എന്ന ചിത്രത്തിലെ പ്രകടനമാണ് ടൊവിനോയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ഇന്ത്യയില്‍ നിന്നും ഭുവന്‍ ബാം എന്ന നടന്‍ മാത്രമാണ് മികച്ച ഏഷ്യന്‍ നടനുള്ള നോമിനേഷനില്‍ ടൊവിനോയ്ക്കൊപ്പം ഇടംപിടിച്ചിരുന്നത്. തെന്നിന്ത്യയില്‍ നിന്നും ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ നടനായും ടൊവിനോ മാറി.

‘നമ്മുടെ ഏറ്റവും വലിയ മഹത്വം ഒരിക്കലും വീഴാതിരിക്കുന്നതിലല്ല, ഓരോ തവണ വീഴുമ്പോഴും ഉയരുന്നതിലാണ്. 2018 ല്‍ അപ്രതീക്ഷിതമായെത്തിയ പ്രളയം നമ്മുടെ വാതിലുകളില്‍ മുട്ടിയപ്പോള്‍ കേരളം വീഴാന്‍ തുടങ്ങിയതാണ്. പക്ഷേ നമ്മളെന്താണെന്ന് പിന്നീട് ലോകം കണ്ടു. മികച്ച ഏഷ്യന്‍ നടനായി എന്നെ തിരഞ്ഞെടുത്തതിന് സെപ്റ്റിമിയസ് അവാര്‍ഡ്‍സിന് നന്ദി. ഇതെപ്പോഴും എന്‍റെ ഹൃദയത്തോട് ചേര്‍ന്നിരിക്കും. ‘2018’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഈ നേട്ടം എന്നതാണ് ഈ പുരസ്കാരത്തെ പ്രത്യേകതയുള്ളതാക്കുന്നത്. ഈ പുരസ്കാരം കേരളത്തിനാണ്.’’– പുരസ്കാരനേട്ടത്തിന്‍റെ സന്തോഷം പങ്കുവച്ച് ടൊവിനോ പങ്കുവച്ചു.

നെതര്‍ലാന്റിലെ ആംസ്റ്റര്‍ഡാമില്‍ എല്ലാ വര്‍ഷവും നടക്കുന്ന രാജ്യാന്തര ചലച്ചിത്ര പുരസ്‌കാര ചടങ്ങാണ് സെപ്റ്റിമിയസ് അവാര്‍ഡ്. ഏഷ്യ, ആഫ്രിക്ക, അമേരിക്ക, യൂറോപ്പ് എന്നിങ്ങനെ ഭൂഖണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ മികച്ച സിനിമ, അഭിനേതാവ്, അഭിനേത്രി തുടങ്ങിയ വിഭാഗങ്ങളിലായാണ് പുരസ്‌കാരം.

ഇറാഖി നടന്‍ വസിം ദിയ, സിംഗപ്പൂരില്‍ നിന്നുള്ള മാര്‍ക് ലീ, ഇറാനിയന്‍ നടന്‍ മൊഹ്സെന്‍ തനബന്ദേ, ഇന്തോനേഷ്യന്‍ നടന്‍ റിയോ ദേവാന്തോ, സൌദി നടന്‍ അസീസ് ബുഹൈസ്, യെമെനി നടന്‍ ഖാലിദ് ഹംദാന്‍ എന്നിവരെ പിന്തള്ളിയാണ് മികച്ച ഏഷ്യന്‍ നടനുള്ള പുരസ്കാരം ടൊവിനോ നേടിയത്

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.