എവിടെ നോക്കിയാലും പാവക്കുട്ടികളെ മാത്രം കാണുന്നൊരു ദ്വീപ്‌

1

എവിടെ നോക്കിയാലും പാവക്കുട്ടികളെ മാത്രം കാണുന്നൊരു ദ്വീപ്‌. എന്നാല്‍ നമ്മള്‍ സാധാരണ കാണുന്ന പോലെ ഓമനത്തം തുളുമ്പുന്ന പാവകളല്ല ഇവിടെ ഉള്ളത്.  ദുരൂഹത നിറയുന്ന മുഖഭാവവുമായി തൂങ്ങിക്കിടക്കുന്ന നൂറു കണക്കിന് പാവകള്‍. ഒപ്പം അവയെക്കുറിച്ചുള്ള ഭീതിപ്പെടുത്തുന്ന കഥകളും. മെക്സിക്കോ നഗരത്തില്‍ നിന്നും അല്‍പ്പം മാറി ഒഴുകുന്ന സോഷിമിക്കോ കനാലുകള്‍ക്കിടയിലുള്ള ഈ പാവക്കുട്ടികളുടെ ദ്വീപ്. ഇതൊരു പ്രധാനവിനോദ സഞ്ചാരകേന്ദ്രം കൂടിയാണ്.

ഈ ദ്വീപ്‌ പോലെ തന്നെ ദുരൂഹമാണ് ഇവിടുത്തെ ഓരോ കാഴ്ചകളും. വര്‍ഷങ്ങളോളം മഴയും വെയിലുമേറ്റ് നിറം നഷ്ടപ്പെട്ടും, കൈ കാലുകളും കണ്ണുകളും തലയുമെല്ലാം തകര്‍ന്നും തൂങ്ങികിടക്കുന്ന പാവകളാണ് ഈ ദ്വീപ്‌ മുഴുവന്‍. രാത്രിയായാല്‍ അവ പരസ്പരം സംസാരിക്കുകയും ചെയ്യുമെന്ന വാര്‍ത്തകള്‍ പരന്നതോടെ പ്രേതങ്ങളെയും ആത്മാവുകളെയും കുറിച്ച് അറിയാന്‍ എത്തുന്നവരും വിനോദസഞ്ചാരികളുമെല്ലാം ഇവിടെ എത്താന്‍ തുടങ്ങി. മെക്സിക്കോയിലെ ജൂലിയന്‍ സന്‍റാന ബരാന എന്ന ആര്‍ടിസ്റ്റാണ് പാവക്കുട്ടികളുടെ ദ്വീപിന്‍റെ ഉടമ. ദ്വീപില്‍ പാവക്കുട്ടികളെ തൂക്കാന്‍ തുടക്കമിട്ടതും ജൂലിയന്‍ തന്നെ. 2001ല്‍ ജൂലിയന്‍ ഒരു അപകടത്തില്‍ മരിച്ചു.

വര്‍ഷങ്ങള്‍ക്കു മുന്‍പ് ദ്വീപിന് ചുറ്റുമുള്ള ജലാശയത്തില്‍ ഒരു പെണ്‍കുഞ്ഞ് മുങ്ങി മരിച്ചതായി ഇവിടെയൊരു കഥയുണ്ട്.  പെണ്‍കുട്ടിയുടെ മൃതദേഹത്തിനരികില്‍ നിന്നും ജൂലിയന് കിട്ടിയ പാവക്കുട്ടിയായിരുന്നു ദ്വീപില്‍ ആദ്യമെത്തിയത്. മരിച്ചു പോയ കുട്ടിയുടെ ആത്മാവ് പാവയിലുണ്ടെന്നായിരുന്നു ജൂലിയന്‍റെ വിശ്വാസം.   ഈ കഥയറിഞ്ഞതോടെ പെണ്‍കുട്ടിയെ സന്തോഷിപ്പിക്കാനായി തങ്ങളുടെ പാവക്കുട്ടികളെ നല്‍കാന്‍ തയാറായി പലരും എത്തി. അധികം വൈകാതെ തന്നെ നൂറുകണക്കിന് പാവക്കുട്ടികളെ കൊണ്ട് ദ്വീപ് നിറഞ്ഞു. അങ്ങനെയാണ് ഇവിടെ ഇത്രയും പാവകള്‍ വന്നു നിറഞ്ഞത്‌. ദ്വീപിനെ പറ്റിയുള്ള ദുരൂഹതകള്‍ ഇപ്പോഴും അവസാനിച്ചില്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് ആ പെണ്‍കുട്ടി വീണു മരിച്ച അതേ ഇടത്തു നിന്നു തന്നെയാണ് ദ്വീപിന്‍റെ ഉടമയായ ജൂലിയന്‍റെ മൃതദേഹവും കണ്ടത്തിയത്.