നിത്യാനന്ദയുടെ ആശ്രമത്തിൽ മകള്‍ മരിച്ചു: ‘ആന്തരാവയവങ്ങള്‍ നീക്കിയ ശേഷം ശരീരം തിരികെ നല്‍കി’; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

0

ചെന്നൈ: സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദയ്ക്കെതിരെ രൂക്ഷ ആരോപണവുമായി ആശ്രമ ജീവിതത്തിനിടയില്‍ മരിച്ച യുവതിയുടെ അമ്മ. മകളെ ആശ്രമത്തിലെ രഹസ്യങ്ങള്‍ പുറത്ത് വരാതിരിക്കാനായി നിത്യാനന്ദ കൊലപ്പെടുത്തിയെന്നാണ് തിരുച്ചിറപ്പള്ളി സ്വദേശി ഝാന്‍സി റാണി ആരോപിക്കുന്നത്. കൊലപാതക വിവരങ്ങള്‍ പുറത്ത് വരാതിരിക്കാനായി മകളുടെ തലച്ചോര്‍ അടക്കമുള്ള ആന്തരാവയവങ്ങള്‍ നീക്കം ചെയ്ത ശരീരമാണ് വീട്ടുകാര്‍ക്ക് വിട്ടുതന്നതെന്നും ഝാന്‍സി റാണി ആരോപിക്കുന്നു. കലൈഞ്ജര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.

എല്ലാ കുറ്റങ്ങള്‍ക്കും നിത്യാനന്ദയ്ക്കൊപ്പം നിന്ന അടുത്ത അനുയായികളാണ് ഇപ്പോള്‍ തെളിവുസഹിതം വാര്‍ത്ത പുറത്തുവിടുന്നത്. ഇക്കൂട്ടത്തില്‍ സ്വന്തം മകളുടെ ശവശരീരം ആശ്രമത്തില്‍നിന്നും ഏറ്റുവാങ്ങേണ്ടി വന്ന ഝാന്‍സി റാണി എന്ന അമ്മയുടെ വാക്കുകള്‍ ക്രൂരതയുടെ ആഴം വ്യക്തമാക്കുന്നു.

ആത്മീയ കാര്യങ്ങളില്‍ താല്‍പര്യമുണ്ടായിരുന്ന മകളെ കുടുംബമായി ആരാധിച്ചിരുന്ന ആള്‍ ദൈവത്തിന്‍റെ ആശ്രമത്തില്‍ ആക്കുമ്പോള്‍ ഒരിക്കലും ഝാന്‍സി റാണിക്ക് സംശയമുണ്ടായിരുന്നില്ല. എന്നാല്‍ രണ്ട് ദിവസം ആശ്രമത്തില്‍ നിക്കാന്‍ പോയ മകള്‍ ഒരാഴ്ച പിന്നിട്ടിട്ടും മടങ്ങിയെത്തിയില്ല. ആശ്രമത്തിലെത്തി മകളെ വീട്ടിലേക്ക് വിളിച്ച അമ്മയോട് ഇവിടെ തനിക്ക് ശാന്തിയുണ്ട് കുറച്ച് ദിവസങ്ങള്‍ നില്‍ക്കട്ടെയെന്നാണ് മകള്‍ സംഗീത പറഞ്ഞത്. ബിരുദധാരിയായ മകളെ നിരന്തരമായി വീട്ടിലേക്ക് വിളിച്ചിട്ടും വരാന്‍ കൂട്ടാക്കിയില്ല. ആറുമാസങ്ങള്‍ക്ക് ശേഷം ആശ്രമത്തിലെത്തി മകളെ കൂട്ടി മടങ്ങിയേ അടങ്ങൂവെന്ന തീരുമാനവുമായെത്തിയ ഝാന്‍സി റാണി കാവിയണിഞ്ഞ മകളെ കണ്ട് അമ്പരന്നു. മൂന്ന് പെണ്‍മക്കളില്‍ ഒരുകുട്ടി മരിച്ച് പോവുകയും ഇളയ കുട്ടി ഭിന്നശേഷിക്കാരിയും ആയിരുന്നു. കുടുംബത്തിന്‍റെ പ്രതീക്ഷയായിരുന്ന മകളെ കാവിയണിഞ്ഞ് കാണാന്‍ താല്‍പര്യമില്ലെന്ന് അവര്‍ നിത്യാനന്ദയോട് പറഞ്ഞു. കുറച്ച് നാള്‍ കൂടി എന്ന് പറഞ്ഞ് ആ ആവശ്യം നിത്യാനന്ദ നിരാകരിച്ച ശേഷം തങ്ങളുടെ മുന്നില്‍ വച്ച് രക്ഷിതാക്കള്‍ക്ക് ബലി കൂടി ഇടാന്‍ നിത്യാനന്ദ മകളോട് നിര്‍ദേശിക്കുകയായിരുന്നു.

ഒരിക്കല്‍ ഞങ്ങള്‍ അവളെ കാണാന്‍ പോയപ്പോള്‍ പത്തോളം പേര്‍ ചേര്‍ന്ന് ഒരു എന്‍ജീനിയറായ പയ്യനെ തല്ലുന്നതാണ് കണ്ടത്. അപ്പോള്‍ അവിടെ നിന്ന മറ്റൊരു പയ്യന്‍ പറഞ്ഞു. അമ്മാ അമ്മയുടെ മകള്‍ക്കും ഇതു തന്നെയാണ് ഇവിടെ അവസ്ഥ. അവളുടെ കാല്‍ നോക്കിയാ മതി അടികൊണ്ട പാടുകള്‍ കാണാമെന്ന്. ഞാന്‍ നോക്കിയപ്പോള്‍ ശരിയാണ്. അതിക്രൂരമായി മര്‍ദിച്ച പാടുകള്‍ കാണാം.

ഇനി ഇവിടെ നില്‍ക്കേണ്ടെന്ന് ഉറപ്പിച്ച്‌ മകളെ ഞാന്‍ വീട്ടിലേക്കു കൂട്ടികൊണ്ടുപോകാന്‍ ശ്രമിച്ചു. പക്ഷേ അത് അത്ര എളുപ്പമായിരുന്നില്ല. മകളുടെ പേരില്‍ ഒരുപാട് ആരോപണങ്ങള്‍ അവര്‍ ഉന്നയിച്ചു. നിത്യാനന്ദയും നടി രഞ്ജിതയും തമ്മിലുള്ള വിവാദ വിഡിയോ പുറത്തുവന്നതിനു പിന്നില്‍ മകളാണെന്ന് അവര്‍ പറഞ്ഞു. അതിന് വ്യക്തത വരാതെ പുറത്തുവിടാന്‍ പറ്റില്ലെന്നു പറഞ്ഞ് എന്നെ പുറത്താക്കി.

കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ആശ്രമത്തില്‍നിന്ന് എനിക്ക് ഫോണ്‍ വന്നു. മകള്‍ക്കു ഹൃദയാഘാതം സംഭവിച്ചു ആശുപത്രിയിലാണു വേഗം വരണമെന്ന്. ഒരിക്കലും അവള്‍ക്ക് അങ്ങനെ സംഭവിക്കില്ലെന്ന് ഉറപ്പാണ് എനിക്ക്. ഇത്ര ചെറുപ്പത്തില്‍ എങ്ങനെ ഹൃദയാഘാതം വരും. ഞാന്‍ ബെംഗളൂരുവില്‍ എത്തിയപ്പോള്‍ അവള്‍ മരിച്ചെന്നാണു കേള്‍ക്കുന്നത്. ഞാന്‍ ആകെ തളര്‍ന്നു. എനിക്ക് എന്റെ മകളെ വിട്ടുതരാന്‍ ‍ഞാന്‍ പറഞ്ഞു.

അപ്പോള്‍ നിത്യാനന്ദ പറഞ്ഞു. ആശ്രമത്തില്‍ തന്നെ സംസ്കരിച്ചാല്‍ മതിയെന്നാണ്. ഞാന്‍ സമ്മതിച്ചില്ല. എനിക്ക് മകളെ െകാണ്ടുപോകണമെന്ന് വാശി പിടിച്ചു. എന്നാല്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം വിട്ടുതരാമെന്നായി. അങ്ങനെ ആശ്രമത്തിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രിയില്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തു. ഞാന്‍ മകളുടെ മൃതദേഹവുമായി നാട്ടിലെത്തി. ഇതൊരു മരണമാണെന്ന് വിശ്വസിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. അവര്‍ എന്റെ കുഞ്ഞിനെ കൊന്നതാണെന്ന് ഉറപ്പായിരുന്നു.

അങ്ങനെ ഞാന്‍ പരാതി നല്‍കി. മൃതദേഹം വീണ്ടും റീ പോസ്റ്റുമോര്‍ട്ടം ചെയ്തു. അപ്പോഴാണ് നടുങ്ങിയത്. മകളുടെ ശരീരത്തില്‍ ആന്തരിക അവയവങ്ങള്‍ ഒന്നും തന്നെയില്ലായിരുന്നു. അതെല്ലാം എടുത്തുമാറ്റിയ ശേഷമാണ് അവര്‍ മകളുടെ മൃതദേഹം തന്നുവിട്ടത്. ‘ ഝാന്‍സി റാണി അഭിമുഖത്തില്‍ പറഞ്ഞു.

2014 മുതല്‍ മകള്‍ക്ക് നീതി ലഭിക്കാനുള്ള പോരാട്ടത്തിലാണ് ഝാന്‍സി റാണി. പൊതുജന മധ്യത്തില്‍ വന്ന് ഝാന്‍സി റാണി ചോദിച്ച ഒരു ചോദ്യത്തിന് പോലും ഈ കാലത്തിനുള്ളില്‍ നിത്യാനന്ദ മറുപടി നല്‍കിയിട്ടില്ല. ഇതിന് പിന്നാെലയാണ് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തില്‍പ്പെട്ട് നിത്യനന്ദ ഒളിവില്‍ പോയിരിക്കുന്നത്.പഠിച്ചവരും മിടുക്കരുമായ പെണ്‍കുട്ടികളെയാണ് നിത്യാനന്ദ ലക്ഷ്യമിട്ടിരുന്നതെന്നും ഝാന്‍സി റാണി കൂട്ടിച്ചേര്‍ക്കുന്നു.