ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത നിറം നിര്‍ബന്ധമാക്കി

0

കേരളത്തിലെ ടൂറിസ്റ്റ് ബസുകളുടെ മുഖം മാറ്റി സർക്കാർ, സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത നിറം ഏർപ്പെടുത്തി. പുറം ബോഡിയിൽ വെള്ളയും മധ്യഭാഗത്ത് കടുംചാരനിറത്തിലെ വരയുമാണ് അനുവദിച്ചത്. മറ്റ് നിറങ്ങളോ ചിത്രങ്ങളോ അലങ്കാരങ്ങളോ പാടില്ലെന്നാണ് നിര്‍ദ്ദേശം. മുന്‍വശത്ത് ടൂറിസ്റ്റ് എന്നു മാത്രമെ എഴുതാന്‍ പാടുള്ളു. ഓപ്പറേറ്ററുടെ പേര് പിൻവശത്ത് പരമാവധി 40 സെന്റീമീറ്റർ ഉയരത്തിൽ എഴുതാം.

ടൂറിസ്റ്റ് ബസ് നടത്തിപ്പുകാർ തമ്മിലുണ്ടായ അനാരോഗ്യകരമായ മത്സരം അവസാനിപ്പിക്കാനാണ് ഏകീകൃത നിറം ഏർപ്പെടുത്തിയത്. ട്രാൻസ്‌പോർട്ട് കമ്മിഷണർ ആർ. ശ്രീലേഖ അധ്യക്ഷയായ സ്റ്റേറ്റ് ട്രാൻസപോർട്ട് അതോറിറ്റിയുടേതാണ് (എസ്.ടി.എ.) തീരുമാനം.

പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന ബസുകളും ഫിറ്റ്‌നസ് പരിശേധനയ്ക്ക് ഹാജരാക്കുന്നവയും നിയമാനുസൃത നിറത്തിലേക്ക് മാറ്റിയിരിക്കണം. ടൂറിസ്റ്റ് ടാക്‌സി വാഹനങ്ങള്‍ക്ക് അനുവദിച്ച വെള്ളനിറമാണ് കോണ്‍ട്രാക്റ്റ് കാരേജ് ബസുകള്‍ക്കും ബാധകമായത്. മധ്യഭാഗത്തുള്ള ചാരനിറത്തിലെ വരയ്ക്ക് 10 സെന്റീമീറ്റര്‍ വീതിയാണ് അനുവദിച്ചിട്ടുള്ളത്.