സൗദി അറേബ്യയില്‍ വാഹനാപകടം; രണ്ട് മലയാളി നഴ്‍സുമാര്‍ മരിച്ചു

0

റിയാദ്: സൗദി അറേബ്യയിൽ ബസ് മറിഞ്ഞ് രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ മൂന്നുപേർ മരിച്ചു. പടിഞ്ഞാറൻ മേഖലയിലെ തായിഫിൽ ഞായറാഴ്ച പുലർച്ചെയാണ് നഴ്സുമാർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. റിയാദിൽ നിന്നും ജിദ്ദയിലേക്ക് നഴ്‌സുമാരെ കൊണ്ടുപോവുകയായിരുന്നു. ഞായറാഴ്ച രാവിലെ നാലര മണിയോടെയായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് റിപ്പോർട്ട്.

വൈക്കം വഞ്ചിയൂർ സ്വദേശിനി അഖില (29), കൊല്ലം ആയൂർ സ്വദേശിനി സുബി (33) എന്നിവരാണ് മരിച്ച മലയാളി നഴ്‌സുമാർ. ബസിന്റെ ഡ്രൈവറായിരുന്ന കൊൽക്കത്ത സ്വദേശിയാണ് മരിച്ച മൂന്നാമത്തെയാൾ. ഡ്രൈവറടക്കം എട്ട് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

ബാക്കിയുള്ള അഞ്ചു നഴ്‌സുമാരിൽ നാൻസി, പ്രിയങ്ക എന്നീ മലയാളികൾ തായിഫ് കിങ് ഫൈസൽ ആശുപത്രിയിലും ചെന്നൈ സ്വദേശികളായ റൂമിയ കുമാർ, കുമുദ അറുമുഖൻ, രജിത എന്നിവർ തായിഫ് പ്രിൻസ് സുൽത്താൻ ആശുപത്രിയിലും ചികിത്സയിലാണ്. ഇവരുടെ പരിക്ക് സാരമുള്ളതല്ല.