ഇന്ത്യക്കാര്‍ക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് വീണ്ടും നീട്ടി യുഎഇ

1

ഇന്ത്യക്കാര്‍ക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് ജൂലൈ ആറ് വരെ വീണ്ടും നീട്ടി യുഎഇ. കഴിഞ്ഞ ഏപ്രില്‍ 24നാണ് യുഎഇ ഭരണകൂടം ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുന്നത്. കൊവിഡ് രോഗികളുടെ എണ്ണം ഇന്ത്യയില്‍ ക്രമാതീതമായി കൂടിയതിനെ തുടര്‍ന്നായിരുന്നു ഈ തീരുമാനം. എന്നാല്‍ രോഗികളുടെ എണ്ണം കുറയുന്ന മുറയ്ക്ക് വിലക്ക് മാറ്റും എന്നും ഭരണകൂടം അറിയിച്ചിരുന്നു.

ജൂണ്‍ 30 ന് വിലക്ക് അവസാനിക്കുമെന്നും ജൂലൈ ആദ്യ വാരം മുതല്‍ ഇന്ത്യക്കാര്‍ക്ക് പ്രവേശനം ഉണ്ടാകുമെന്നുമുള്ള തരത്തിലുള്ള സൂചനകളും ഉണ്ടായിരുന്നു. എന്നാല്‍ ജൂലൈ ആറു വരെ ഇന്ത്യക്കാര്‍ക്കു നേരിട്ടു പ്രവേശനം നല്‍കേണ്ടതില്ലെന്ന് യുഎഇ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ തീരുമാനിക്കുകയായിരുന്നു.

യുഎഇ പ്രവേശന വിലക്ക് നീക്കും എന്ന ധാരണയില്‍ മലയാളികള്‍ അടക്കമുള്ള നിരവധി ഇന്ത്യക്കാര്‍ ജൂലൈ ആദ്യവാരത്തേക്ക് ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്നു. ഇവരോടെല്ലാം തന്നെ ട്രാവല്‍ ഏജന്‍സികള്‍ വഴി ടിക്കറ്റുകള്‍ പുനക്രമീകരിക്കാന്‍ എയര്‍ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

യുഎഇയ്ക്കു പുറമേ ഒമാന്‍, കുവൈത്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളും ഇന്ത്യക്കാര്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.